ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല;അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍;ട്രാന്‍സ്‌ജെന്‍ഡറിന്റെ കുറിപ്പ് ചൂടുപിടിച്ച ചര്‍ച്ചയാകുന്നു…

കഴിഞ്ഞ ദിവസം കോഴിക്കോട് ഷാലു എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ടത് ഏവരെയും ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം സുകന്യ കൃഷ്ണ എന്നു പേരുള്ള മറ്റൊരു ട്രാന്‍സ് ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.’എന്റെ പേര് സുകന്യ കൃഷ്ണ, ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍. ‘ എന്ന് തുടങ്ങുന്ന കുറിപ്പ് ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലായി മൂന്ന് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളാണ് പൊതുവിടങ്ങളില്‍ കൊല്ലപ്പെട്ടത്. ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടേയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ശാലുവിന്റെ പേര് കൂടി ചേര്‍ത്തിരിക്കുന്നു. ഇനിയെപ്പോഴാണ് ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എല്ലാവരേയും പോലെ ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്ക് കിട്ടുക എന്നും സുകന്യ ചോദിക്കുന്നു. ഇന്നും ഇവിടെ നിലനില്‍ക്കുന്നത് രാജഭരണം പോലെയൊരു ഭരണമാണെന്നും എന്നാണ് ഇവിടെ ജനാധിപത്യമുണ്ടാവുകയെന്നും സുകന്യ ചോദിക്കുന്നു. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നതാണ് സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുകന്യ കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ പേര് സുകന്യ കൃഷ്ണ, ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോള്‍ ജീവനോടെയുള്ള ഞാന്‍, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാന്‍സ് ജീവിതങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ മൂന്ന് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ പൊതുവിടങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോള്‍ ഞാന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങള്‍ക്ക് ബോധ്യമാകും.

ലോക ട്രാന്‍സ്‌ജെന്റര്‍ ദൃശ്യതാ ദിനമായ മാര്‍ച്ച് 31 ന്, നമ്മുടെ കൊച്ചു കേരളത്തിലെ കോഴിക്കോടുള്ള മാവൂര്‍ റോഡിന് സമീപം ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തി കൂടി കൊലചെയ്യപ്പട്ടിരിക്കുന്നു. നിസ്സാരം… ആലുവയില്‍ കൊല്ലപ്പെട്ട ഗൗരിയുടെയും കൊല്ലത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയയുടെയും പേരുകള്‍ക്കൊപ്പം ഒരു പേര് കൂടി… ശാലു.

എന്നോട് ചോദിച്ചാല്‍, മരണപ്പെടുന്നവര്‍ ഭാഗ്യം തുണച്ചവര്‍ എന്നുപോലും ഞാന്‍ പറഞ്ഞുപോയേക്കാം. അത്രത്തോളം ദുഷ്‌കരമാണ് ഇവിടെ അതിജീവിച്ച്, നിലനിന്ന് പോകുവാന്‍. വേട്ടയാടപ്പെടുന്നവരാണ് ഞങ്ങള്‍, അധികാരവര്‍ഗ്ഗത്തിനാലും സമൂഹത്തിനാലും എന്തിനേറെ പറയുന്നു… നിയമപാലകരാല്‍ പോലും…

മരണത്തോടെ എല്ലാ വേദനകളും ഇല്ലാതാകുമെന്ന് പറയുന്നത് ഞങ്ങളുടെ കാര്യത്തിലാണ് അന്വര്‍ത്ഥമാകുന്നത്. ഓരോ ദിവസവും ഒരു ട്രാന്‍സ്‌ജെന്റര്‍ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകള്‍ ചെറുതൊന്നുമല്ല. സമൂഹം പോലും പലപ്പോഴും വേട്ടക്കാരന്റെ കുപ്പായമണിയുന്നു എന്നത് അതീവ ദുഃഖകരമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ വന്നതാണെന്ന് ആരോപിച്ച്, തിരുവിതാംകൂര്‍ രാജ്യത്തില്‍ ദുര്‍ബലയായ ഒരു ട്രാന്‍സ് വ്യക്തിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് ജീവച്ഛവമാക്കിയിട്ട് കാലം ഏറെയായിട്ടില്ല.

കൊച്ചീരാജ്യത്ത് ഒരു ബസ് കാത്തുനില്‍ക്കാന്‍ പോലും ഒരു ട്രാന്‍സ്‌ജെന്റര്‍ ഭയക്കേണ്ട അവസ്ഥയാണ്. ‘ആറ് മണിക്ക് ശേഷം ഒരു ട്രാന്‍സ്‌ജെന്ററിനെയും നഗരത്തില്‍ കണ്ടുപോകരുത്.’ എന്നാണ് ദിവാന്‍ പേഷ്‌കാര്‍ അനന്തലാലും വൈസ്രോയ് ലാല്ജിയും സംയുക്തമായി ട്രാന്‍സ്‌ജെന്ററുകള്‍ക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്ന തീട്ടൂരം. ആറ് മണിക്ക് ശേഷം ഒരു ട്രാന്‍സ്‌ജെന്റര്‍ നഗരത്തിലേക്കിറങ്ങിയാല്‍ അത്, ‘മറ്റേപ്പണിക്കാണ്…’ എന്നാണ് ഇരുവരുടെയും കണ്ടെത്തല്‍.

എന്തിനധികം പറയുന്നു… ട്രാന്‍സ് വ്യക്തികളുടെ കുടുംബാംഗങ്ങളെ വരെ ഇവര്‍ വേട്ടയാടുന്നു. ട്രാന്‍സ്‌ജെന്ററായ സ്വന്തം സഹോദരിയെ കാണാന്‍ അവളുടെ ലോഡ്ജ് മുറിയില്‍ എത്തിയ യുവതിയെ ‘അനാശ്യാസ’ത്തിനു അറസ്റ്റ് ചെയ്തവരാണ് ഈ ഏമാന്മാര്‍. ഏമാന്മാര്‍ എത്രമാത്രം ട്രാന്‍സ്‌ഫോബിക് ആണെന്നതിന് ഇനിയുമുണ്ട് ദൃഷ്ടാന്തങ്ങള്‍. നഗരത്തിലെ ഒരു ലോഡ്ജിലും ട്രാന്‍സ്‌ജെന്ററുകള്‍ക്ക് മുറികള്‍ നല്‍കുവാന്‍ പാടില്ല എന്നും വീടുകള്‍ വാടകയ്ക് നല്‍കുവാന്‍ പാടില്ല എന്നുമുണ്ട് രാജശാസനകള്‍.

ഭാവിയില്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുകയും അതിന് ശേഷം ഒരു ഭരണഘടന നിലവില്‍ വരികയും ചെയ്യുമ്പോള്‍, ചിലപ്പോള്‍ മൗലികാവകാശങ്ങള്‍ എന്ന നിലയില്‍ സഞ്ചാരസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വസ്ത്രധാരണ സ്വാതന്ത്ര്യവുമൊക്കെ ഞങ്ങള്‍ക്കും അനുവദിച്ച് തന്നേക്കാം എന്ന് പ്രത്യാശിക്കുന്നു… ആ നാളുകള്‍ക്കായി കാത്തിരിക്കുന്നു…

അന്ന് ചിലപ്പോള്‍ രാജഭരണം മാറി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികള്‍ ഉണ്ടായേക്കാം… രാജഭടന്മാര്‍ക്ക് പകരം ഒരു പോലീസ് വ്യവസ്ഥിതി ഉണ്ടായേക്കാം… അന്ന് ഞങ്ങളുടെ ശബ്ദത്തിന് ഇപ്പോള്‍ അവശേഷിക്കുന്നത്രയെങ്കിലും ശക്തി ഉണ്ടെങ്കില്‍ അവര്‍ അത് കേട്ടേക്കാം… അതോ അപ്പോഴേക്കും ഞങ്ങളെ അവര്‍ ഇല്ലാതാക്കിയിരിക്കുമോ?

സുകന്യ കൃഷ്ണ

Related posts