ഹരിയാനയിലെ തുറന്നുകിടന്ന ഓടയിൽ വീണ എട്ടുവയസുകാരനെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. പാനിപ്പട്ടിലെ ചെളിനിറഞ്ഞ റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടി, സ്ലാബില്ലാത്ത ഭാഗത്ത് കാൽവെച്ച് അബദ്ധത്തിൽ ഓടയിലേക്ക് വീഴുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കുട്ടി വീണ ഉടൻതന്നെ അവിടെയെത്തിയ യുവാവ് സമയോചിതമായി ഇടപെടുകയും കുട്ടിയെ വേഗത്തിൽ പിടിച്ച് പുറത്തെടുക്കുകയുമായിരുന്നു. വലിയൊരു ദുരന്തമാണ് ഇതോടെ ഒഴിവായത്.
കുട്ടിയുടെ ജീവൻ രക്ഷിക്കാനായെങ്കിലും ഈ പ്രദേശത്തെ റോഡിന്റെ ശോച്യാവസ്ഥ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഓടയുടെ പല ഭാഗങ്ങളും ഇനിയും മൂടിയിട്ടില്ല. റോഡിലെ ചെളിയും യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഈ റോഡിൽ ഇതാദ്യമായല്ല ഇത്തരം അപകടങ്ങൾ നടക്കുന്നത്. കൃത്യം ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് ഒരു സ്ത്രീയും ഓടയിലേക്ക് വീണിരുന്നു. ഏറെ പണിപ്പെട്ടാണ് അന്ന് അവരെ രക്ഷപ്പെടുത്തിയത്. മുൻപ് അപകടം നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരു മാസത്തിനിടെ ഇതേ റോഡിൽ രണ്ട് അപകടങ്ങൾ ഉണ്ടായത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
