ആദിവാസി ഊരില്‍ നിന്നും ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോകുന്നതിനിടെ യുവതി പ്രസവിച്ചു; വീഡിയോ പകര്‍ത്തിയത് ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിക്കാന്‍ എന്ന് യുവാവ്…

ഹൈദരാബാദ്: ഗതാഗതസൗകര്യമില്ലാത്ത ഊരില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ചുമന്നു കൊണ്ടു പോകുന്ന വഴിയില്‍ ആദിവാസി യുവതി പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിലെ ആദിവാസി ഊരിലുള്ള മുത്തമ്മയാണ് കുടുംബക്കാരും നാട്ടുകാരും ചേര്‍ന്ന് ചുമന്നു കൊണ്ടു പോകുന്നതിനിടയില്‍ വഴിയില്‍ പ്രസവിച്ചത്.

മുളകളും കയറും തുണിയുമുപയോഗിച്ചുണ്ടാക്കിയ ഒരു തൊട്ടിലിലിരുത്തിയാണ് മുത്തമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. കൂട്ടത്തിലുള്ള ഒരു യുവാവ് പകര്‍ത്തിയ വീഡിയോയിയൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പലപ്രാവശ്യം അസൗകര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.

ചെളിയും കല്ലുകളും കുഴികളും നിറഞ്ഞ വനപാതയിലൂടെ സാഹസികമായാണ് ഇവര്‍ ഗര്‍ഭിണിയെ ചുമന്നു പോകുന്നതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറ് ഏഴ് കിലോമീറ്ററുകള്‍ കഴിയുമ്പോഴേക്കും പ്രസവവേദന അസഹനീയമായതിനെ തുടര്‍ന്ന് യുവതി കൂടെയുള്ള സ്ത്രീകളുടെ സഹായത്തോടെ പ്രസവിക്കാനൊരുങ്ങുന്നത് കാണാം. പിന്നീട് സ്ത്രീകളുടെ സഹായത്തോടെ പ്രസവം നടയ്ക്കുകയായിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശം അധികൃതരുടെ കണ്ണുതുറപ്പിക്കലാണെന്ന് പകര്‍ത്തിയ യുവാവ് വ്യക്തമാക്കുന്നു. ഇത് കണ്ടിട്ടെങ്കിലും വിഴിയനഗരത്തെ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണിവര്‍. ജൂലൈയില്‍ സമാനമായ മറ്റൊരു സംഭവത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. 25കാരിയായ ഇവരെ ഭര്‍ത്താവുള്‍പ്പെടെയുള്ള ആളുകള്‍ അന്ന് 12 കിലോമീറ്ററാണ് ചുമന്നത്.

Related posts