പരസ്യത്തില്‍ അഭിനയിക്കാന്‍ പോലും കോടികള്‍ വാങ്ങുന്ന നിങ്ങള്‍ എന്തിനാണ് പൊതുജനങ്ങളോട് അപേക്ഷിക്കുന്നത്;ഡബ്ല്യുസിസിയുടെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

കൊച്ചി: അസുഖ ബാധിതയായ മുന്‍ സിനിമ താരം തൊടുപുഴ വാസന്തിയെ സഹായിക്കാന്‍ പൊതുജനങ്ങളോട് അപേക്ഷിച്ച് സ്ത്രീകളുടെ സിനിമ സംഘടന വുമണ്‍ ഇന്‍ കള്കടീവിന്റെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. തൊടുപുഴ വാസന്തിയുടെ നിലവിലെ സ്ഥിതി വിവരിച്ച് ഡബ്ല്യുസിസിയുടെ ഫേസ്ബുക്കിലിട്ടിരിക്കുന്ന പോസ്റ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിക്ക് കഴിയുന്ന സഹായങ്ങള്‍ തങ്ങള്‍ ചെയ്ത് നല്‍കുമെന്നും ഒപ്പം സിനിമാപ്രേമികളും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നുമാണ് ഡബ്ല്യുസിസിയുടെ ആവശ്യം.

തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച തൊടുപുഴ വാസന്തി ഇതിനോടകം 20 റേഡിയേഷന്‍ ചികിത്സയ്ക്ക് വിധേയയായി കഴിഞ്ഞു. വര്‍ഷങ്ങളോളം സിനിമയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചിട്ടും തന്നെ സഹായിക്കാന്‍ ഒരു സിനിമ സംഘടനയും മുന്നോട്ട് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയറിഞ്ഞ് സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി രംഗത്ത് എത്തിയെങ്കിലും ഓപ്പറേഷനുള്ള പണം സമാഹരിക്കാന്‍ സിനിമ പ്രേമികളോട് ആവശ്യപ്പെട്ടത് പ്രതികൂലമായ പ്രതികരണത്തിനാണ് വഴിവെച്ചത്. സിനിമ നടി എന്നതിനപ്പുറം ഒരു രോഗാവസ്ഥയില്‍ കഴിയുന്ന ഒരു സ്ത്രീയെ സഹായിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും, എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് പോലും കോടികള്‍ മേടിക്കുന്ന അഭിനേത്രികള്‍ മുന്‍ കാല നടിയെ സഹായിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് പരിതാപകരമാണെന്നാണ് പോസ്റ്റിന് കീഴെ വരുന്ന അഭിപ്രായങ്ങള്‍.

 

Related posts