ഹില്ലരിക്കനുകൂലമായ എഫ്ബിഐ റിപ്പോര്‍ട്ട്; സംശയം പ്രകടിപ്പിച്ച് ട്രംപ്

fb-trumpവാഷിംഗ്ടണ്‍: ഇ–മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് അനുകൂലമായ നിലപാടെടുത്ത എഫ്ബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് എതിരാളി ഡോണാള്‍ഡ് ട്രംപ്. എഫ്ബിഐയുടെ നിലപാട് സംശയാസ്പദമാണെന്ന് ട്രംപ് പറഞ്ഞു. ഡിട്രോയിറ്റില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ്, എഫ്ബിഐ നിലപാടിനെതിരെ തിരിഞ്ഞത്.

ഇത്രയും മെയിലുകള്‍ എട്ടു ദിവസംകൊണ്ട് എങ്ങനെ പരിശോധിച്ച് തീര്‍ക്കാനാകുമെന്ന് ട്രംപ് ചോദിച്ചു. പഴയ കാര്യങ്ങളൊന്നും പെട്ടന്ന് ഇല്ലാതാക്കാനാവില്ലെന്നു പറഞ്ഞ ട്രംപ് ഹില്ലരി അഴിമതിക്കാരിയാണെന്ന് ആവര്‍ത്തിച്ചു. അത് എഫ്ബിഐക്കും അറിയാമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചെയ്ത തെറ്റുകളില്‍ നിന്ന് ഹില്ലരിക്ക് രക്ഷപ്പെടാനാകില്ലെന്ന് പറഞ്ഞ ട്രംപ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു. നവംബര്‍ എട്ടിനു ആ ജനവിധി ഹില്ലരിയുടെ അഴിമതിക്കെതിരെയാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഹില്ലരിയുടെ , പുനപരിശോധിച്ച ഇ–മെയിലുകളില്‍ തെറ്റായി ഒന്നും കണ്ടെത്താനായില്ലെന്നു എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഹില്ലരി യുഎസ് വിദേശകാര്യ സെക്രട്ടറി ആയിരുന്ന സമയത്ത് ഒദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ–മെയില്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. 2009നും 2013നും ഇടയിലായിരുന്നു ഇതെന്നായിരുന്നു സൂചന. തെരഞ്ഞെടുപ്പില്‍ ഇ–മെയില്‍ വിവാദം ഹില്ലരിയുടെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന സാഹചര്യത്തിലാണ് എഫ്ബിഐ മെയിലുകളില്‍ കുറ്റങ്ങളോ ക്രമക്കേടുകളോ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കിയത്.

Related posts