പൊന്നുസാറേ ഞാനല്ല ഡ്രൈവര്‍, മദ്യപിച്ച് ബസ് ഓടിച്ച ആളെ വനിതാ എസ്‌ഐ ഓടിച്ചിട്ടു പിടിച്ചു, സിനിമസ്റ്റൈല്‍ ചെയ്‌സിംഗില്‍ പക്ഷേ പിന്നെയും ട്വിസ്റ്റ്…

busതട്ടി തട്ടിയില്ലെന്ന രീതിയില്‍ ആ ബസും പോലീസ് ജീപ്പും പായുകയാണ്. ബസിനകത്തിരിക്കുന്നവര്‍ ഭയന്നിരിക്കുകയാണ്. ഒടുവില്‍ പോലീസ് ജീപ്പ് ബസിനു കുറുകെയിട്ടു. ജീപ്പില്‍നിന്ന് വനിതാ എസ്‌ഐ ചാടിയിറങ്ങുന്നു. ഇതിനുമുമ്പേ ബസിന്റെ ഡ്രൈവര്‍ ഓട്ടം തുടങ്ങിയിരുന്നു. എസ്‌ഐയും വിട്ടില്ല. പണ്ട് സ്‌പോര്‍ട്‌സില്‍ കപ്പൊക്കെ കിട്ടിയിട്ടുള്ള വനിതാ എസ്‌ഐ മോശമാക്കിയില്ല. കിട്ടിയപാടെ ഡ്രൈവര്‍ക്കിട്ട് ഒന്നു പൊട്ടിച്ചു. ആലുവ നഗരത്തിലായിരുന്നു സസ്‌പെന്‍സ് സിനിമയെ വെല്ലുന്ന പ്രകടനമുണ്ടായത്.

ഡ്രൈവറെ പിടികൂടിയപ്പോഴാണ് ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് മനസിലാകുന്നത്. ലൈസന്‍സും ഇല്ല. അതോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു യഥാര്‍ഥ ഡ്രൈവര്‍ റിന്‍ഷാദിനെ വിളിച്ചുവരുത്തി. ഇയാളും മദ്യലഹരിയിലായിരുന്നു. രാവിലെ മദ്യപിച്ചശേഷം ഇവര്‍ ബസ് മാറിമാറി ഓടിക്കുകയായിരുന്നു പോലീസ് പറഞ്ഞു. മാര്‍ക്കറ്റ് റോഡില്‍ കാരോത്തുകുഴി കവല കഴിഞ്ഞുള്ള ഭാഗത്ത് ഉച്ചയ്ക്ക് വാഹന പരിശോധന നടത്തുന്നതിനിടെ ആലുവ- എറണാകുളം റൂട്ടിലോടുന്ന ലക്ഷ്മിഗൗരി എന്ന ബസ് യൂണിഫോം ധരിക്കാത്തയാള്‍ ഓടിക്കുന്നതു വനിതാ എസ് ഐ ജെര്‍ട്ടിവ ഫ്രാന്‍സിസിന്റെ ശ്രദ്ധില്‍പ്പെട്ടു.

പോലീസ് കൈകാട്ടിയെങ്കിലും ബസ് നിര്‍ത്തിയില്ല. ഇതോടെയാണ് പോലീസ് ബസിന്റെ പുറകെ പാഞ്ഞത്. അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ ബസിലെ സഹായി മാത്രമാണെന്നു പരിശോധനയില്‍ വ്യക്തമായി. ബസ് ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ റിന്‍ഷാദിനെ വിളിച്ചുവരുത്തിയപ്പോളാണ് അയാളും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. സംഭവം ജനങ്ങള്‍ക്കും ഇഷ്ടപ്പെട്ടു. ആളുകള്‍ കൈയടിച്ചാണ് വനിതാ എസ്‌ഐയെയും സംഘത്തെയും യാത്രയാക്കിയത്.

Related posts