ഡോണള്‍ഡ് ട്രംപ് മനോരോഗിയെന്നും ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്നും ഉത്തര കൊറിയ! ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നു; ഭയപ്പാടോടെ ലോകം

gfcgഅമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ എക്കാലത്തും യോജിപ്പില്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് മറ്റുള്ള ലോകരാജ്യങ്ങളെല്ലാം. കാരണം മറ്റൊന്നുമല്ല, ഇവര്‍ തമ്മിലുള്ള ബന്ധം വഷളായാല്‍ ഉണ്ടാകുന്നത് മൂന്നാമത്തെ ലോകമഹായുദ്ധമായിരിക്കും. മൂന്നാമതൊരു യുദ്ധമുണ്ടാവാനുള്ള സാധ്യതയാണ് ഇപ്പോള്‍ ലോകം കാണുന്നത്. കാരണം, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മനോരാഗിയാണെന്ന് ഉത്തര കൊറിയ പ്രസ്താവന ഇറക്കിയിരിക്കുന്നു. രാജ്യത്തെ ഔദ്യോഗിക പത്രമായ റൊഡോങ് സിന്‍മനിലാണ് ട്രംപ് മനോരോഗിയാണെന്നും അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കൊറിയയ്ക്ക് മേല്‍ ആക്രമണം നടത്താന്‍ പോലും ട്രംപ് മടിക്കില്ലെന്നും റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണു ട്രംപിനെ വിമര്‍ശിച്ച് ഉത്തര കൊറിയ രംഗത്തെത്തിയത്. ഉത്തരകൊറിയയിലേതു കിരാത ഭരണകൂടമാണെന്നു ഡോണള്‍ഡ് ട്രംപും നേരത്തെ പറഞ്ഞിരുന്നു.

‘യുഎസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്ന് ദക്ഷിണ കൊറിയ പിന്നീടു തിരിച്ചറിയും’. റിപ്പോര്‍ട്ടില്‍ പറയുന്നു. അബോധാവസ്ഥയിലാണ് ഓട്ടൊ വാംബിയര്‍ യുഎസില്‍ തിരിച്ചെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പ്രചാരണത്തിനുള്ള ബാനര്‍ മോഷ്ടിച്ചെന്ന കുറ്റംചുമത്തി 15 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട വാംബിയര്‍, തടവില്‍ കൊടിയ പീഡനത്തിന് ഇരയായെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിചാരണയ്ക്കു തൊട്ടുപിന്നാലെ വാംബിയര്‍ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനുശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയ വിശദീകരിക്കുന്നത്.

ആഭ്യന്തരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് അമേരിക്ക കടന്നു പോകുന്നതെന്നും ഇത് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതില്‍ വരെ കലാശിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ ട്രംപ് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അമേരിക്കയിലെ ചില മുന്‍ പ്രസിഡന്റുമാര്‍ക്കെതിരെയും പത്രം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഓട്ടൊ വാംബിയറുടെ മരണത്തെ അപലപിച്ച പ്രസിഡന്റ് ട്രംപ് ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ക്രൂരതയാണിതെന്നും പറഞ്ഞിരുന്നു. ഉത്തര കൊറിയ ഇതേ സമീപനം തുടരുകയാണെങ്കില്‍ ആക്രമിക്കാന്‍ പോലും അമേരിക്ക മടിക്കില്ലെന്ന് ഇടയ്ക്ക് ട്രംപ് സൂചന നല്‍കുകയും ചെയ്തിരുന്നു. ഏതായാലും ഇരുവരുടെയും പിണക്കം അധികം നീണ്ടുപോവാതിരിക്കട്ടെ എന്നാണ് ലോകം മുഴുവന്റെയും ആഗ്രഹവും പ്രാര്‍ത്ഥനയും.

Related posts