ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ഇസ്രേലിസംഘം ഖത്തറുമായി ചർച്ച നടത്തും. ഇന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് കരാർ നിർദേശങ്ങളിൽ ഖത്തറുമായി ചർച്ച.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ മോചനം, വെടിനിർത്തൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളാണ് ഇസ്രേലിസംഘം ഖത്തറുമായി നടത്തുക.വെടിനിർത്തൽ കരാറിലെത്താൻ നെതന്യാഹുവിനുമേൽ അന്താരാഷ്ട്രസമ്മർദം ശക്തമാകുന്നതായി റിപ്പോർട്ടുണ്ട്. അമേരിക്കയുടെ വെടിനിർത്തല്‍ നിർദേശത്തോട് അനുകൂലസമീപനമാണ് ഹമാസ് നേതൃത്വവും സ്വീകരിക്കുന്നത്.
അതേസമയം, വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. ട്രംപുമായി നടത്തുന്ന ചർച്ച വെടിനിർത്തൽ കരാറിലേക്കും ഹമാസ് തടവിലുള്ള ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് നെതന്യാഹു പറഞ്ഞു.