ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ സംഘർഷത്തിന് അയവ്. വെടിനിർത്തൽ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടെയും നേതാക്കൾ മലേഷ്യയിൽ കൂടിക്കാഴ്ച നടത്തും. തായ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു തയാറായത്. മലേഷ്യയിൽ ഇന്നു നടക്കുന്ന സമാധാന ചർച്ചയിൽ തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചയാചായി പങ്കെടുക്കും.
തായ് പ്രധാനമന്ത്രിയുടെ വക്താവ് ജിരായു ഹുവാംഗ്സാപാണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണു ചർച്ചകൾക്ക് ഇരു രാ ജ്യങ്ങളെയും ക്ഷണിച്ചത്. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെതും ചർച്ചയിൽ പങ്കെടുക്കുമെന്ന് ജിരായു പറഞ്ഞു. എന്നാൽ കംബോഡിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയിലാണ് മലേഷ്യൻ പ്രധാനമന്ത്രി ചർച്ചകൾക്കു മുൻകൈ എടുത്തതെന്നും ജിരായു കൂട്ടിച്ചേർത്തു.
തായ്ലൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി സംസാരിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സംഘർഷം തുടർന്നാൽ വ്യാപരക്കരാറുകളുമായി മുന്നോട്ടുപോകില്ലെന്ന് ഇരു രാജ്യങ്ങളെയും അറിയിച്ചു. ഇതോടെ വെടിനിർത്തൽ ചർച്ചകൾക്കായി ഇരുപക്ഷവും സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
നിരുപാധിക വെടിനിർത്തലിനു തയാറാണെന്നു കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെത് പറഞ്ഞു. തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചയാചായിയുമായി സംസാരിച്ചതായും അദ്ദേഹം സമാധാന ചർച്ചകൾക്ക് സമ്മതിച്ചതായും ട്രംപ് തന്നോട് പറഞ്ഞതായി ഹുൻ മാനെത് അറിയിച്ചു. ഇരു രാജ്യങ്ങളിലെയും സൈനികർക്കും ജനങ്ങൾക്കും നല്ല വാർത്തയാണിതെന്ന് മാനെത് പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോയുമായി ചേർന്ന് അടുത്ത ഘട്ടം ഏകോപിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാൻ തായ് വിദേശകാര്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാനും വിദേശകാര്യമന്ത്രി പ്രാക് സൊഖോനെ ചുമതലപ്പെടുത്തിയതായും മാനെത് കൂട്ടിച്ചേർത്തു.
എന്നാൽ, നയതന്ത്ര ശ്രമങ്ങൾക്കിടയിലും, ഇന്നലെ അതിർത്തിയിൽ ഇരു രാജ്യങ്ങളും ആക്രമണം നടത്തി. ഇന്നലെ പുലർച്ചെ കംബോഡിയൻ സൈന്യം സുരിൻ പ്രവിശ്യയിലേക്കു കനത്ത പീരങ്കി ആക്രമണം നടത്തിയതായി തായ് സൈന്യം ആരോപിച്ചു. തങ്ങളുടെ റോക്കറ്റ് ലോഞ്ചറുകളെ തായ് സൈന്യം ലക്ഷ്യമിട്ടതായി കംബോഡിയയും ആരോപിച്ചു.