‘ദീപയടി’ ദീപാനിശാന്തിന്റെ പണി തെറിപ്പിക്കുമോ ? കവിത മോഷണം വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേരളവര്‍മ കോളജിന് യുജിസിയുടെ നോട്ടീസ്; ഇക്കാര്യത്തില്‍ യുജിസിയ്ക്ക് പരാതി നല്‍കിയത് നിരവധി ആളുകള്‍;തെറ്റുകാരിയെന്ന് തെളിഞ്ഞാല്‍ ജോലി നഷ്ടമായേക്കും…

കവിതാ മോഷണക്കേസില്‍ കുടുങ്ങി പരിഹാസ്യയായ തൃശ്ശൂര്‍ കേരളവര്‍മ കോളജ് അധ്യാപിക ദീപാ നിശാന്തിന് കനത്ത പ്രഹരമായി സംഭവത്തില്‍ യുജിസി ഇടപെടുന്നു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പലിന് യുജിസി കത്തയച്ചു കഴിഞ്ഞു. അദ്ധ്യാപികമാര്‍ക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ യുജിസിക്ക് പലരും പരാതി നല്‍കിയത്. തൃശ്ശൂര്‍ സ്വദേശി സിആര്‍ സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ധ്യാപികയ്ക്കെതിരെ യുജിസിക്ക് പരാതി നല്‍കിയത്.

കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കില്‍ ആ റിപ്പോര്‍ട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതിന് ദീപ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു.

ഇതുകൊണ്ട് പ്രശ്നം തീരില്ലെന്നാണ് യുജിസിയുടെ നടപടിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിഷയത്തില്‍ ദീപയോട് കോളേജ് മാനേജ്മെന്റിന് വിശദീകരണം ചോദിക്കേണ്ടി വരും. ഇതില്‍ മോഷണം സമ്മതിച്ചാല്‍ യുജിസിയുടെ നടപടിയും വരും. ജോലി പോലും പോകാന്‍ സാധ്യതയുമുണ്ട്. ദീപ സ്വന്തം പേരില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത കോപ്പിയടിയാണെന്ന് വ്യക്തമായതോടെ പൊതു സമൂഹത്തോട് മാപ്പു പറയുന്നു എന്നു പറഞ്ഞ് ദീപ തടിയൂരി. എന്നാല്‍ സംഭവത്തിനു ശേഷവും ദീപ നടത്തിയ പ്രസ്താവനകള്‍ വിവാദഛായയുള്ളതായിരുന്നു.

കവിത മോഷണം വിവാദമായതോടെ കവിതയുടെ യഥാര്‍ഥ സ്രഷ്ടാവായ കലേഷിനോട് ദീപ് മാപ്പു പറഞ്ഞിരുന്നു. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ തനിക്ക് കവിത തന്നത് ഇടതുപക്ഷ പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്‍ ആണെന്നും ദീപ വിശദീകരിച്ചിരുന്നു. ഫൈന്‍ ആര്‍ട്സ് ഉപദേശക പദവിയില്‍ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും കെപിസിടി എ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വലിയ കുരുക്കായി മാറിയിരുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന യുജിസിയുടെ നടപടികള്‍ ദീപയ്ക്ക് വലിയ തിരിച്ചടിയാണ്.

എകെപിസിറ്റിഎ യുടെ ജേര്‍ണലിലാണ് ദീപാ നിശാന്തിന്റെ പേരില്‍ കലേഷിന്റെ കവിത അച്ചടിച്ചു വന്നത്. 2011 ല്‍ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിത തന്റെ ബ്ലോ?ഗില്‍ പ്രസിദ്ധീകരിച്ചതായി തെളിവ് സഹിതം എസ് കലേഷ് വെളിപ്പെടുത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ചില വരികള്‍ അതേപടിയും ചിലയിടങ്ങളില്‍ വികലമാക്കിയുമാണ് തന്റെ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കലേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ച് നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ആളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക എന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പതികരണം. തന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിതെന്ന് പറഞ്ഞ ദീപ പിന്നീട് എല്ലാം മാറ്റി പറഞ്ഞു. ദീപാ നിശാന്ത് തന്നെയാണ് കവിത പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തോടെ വാട്ട്സ് ആപ്പില്‍ കവിത അയച്ചു തന്നതെന്ന് എകെപിസിറ്റിഎയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് വെളിപ്പെടുത്തുകയും ചെയ്തു. കവിത കലേഷിന്റേതെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് എകെപിടിസിഎ നിലപാട് വ്യക്തമാക്കി രം?ഗത്തെത്തിയത്. ഇതിനിടയില്‍ സാമൂഹ്യ നിരീക്ഷകനും പ്രാസംഗികനുമായ എംജെ ശ്രീചിത്രനാണ് ദീപ നിശാന്തിന് കവിത പകര്‍ത്തി നല്‍കിയതെന്ന വസ്തുതയും ചര്‍ച്ചയായി. ഇത് ദീപ പിന്നീട് ശരിവയ്ക്കുകയും ചെയ്തു.

കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെയും ശ്രീചിത്രനെയും പൊതുപരിപാടികളില്‍ നിന്നും ഒഴിവാക്കി ഇടതു സാംസ്‌കാരിക കൂട്ടായ്മകളും വിവാദം പുതിയ തലത്തിലെത്തിച്ചു.ഇടത് അനുകൂല നിലപാടുമായി നിലപാടുമായി നവോഥാന സദസ്സുകളില്‍ ശ്രീചിത്രന്‍ സജീവ സാന്നിധ്യമായിരുന്നു. സംഘപരിവാറിനെതിരായ നിലപാടുകളാണ് കേരള വര്‍മ്മ കോളജിലെ അദ്ധ്യാപികയായ ദീപാ നിശാന്തിനെ ഇടതുപക്ഷത്തിന്റെ കണ്ണിലുണ്ണിയാക്കിയത്.

എന്നാല്‍ കവിതാ മോഷണം എല്ലാം തകര്‍ക്കുകയായിരുന്നു. കവിതാ മോഷണ വിവാദത്തിനിടെ ഇരുവര്‍ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. അതോടെയാണ് ദീപയടിയെന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതും. കവിതാ മോഷണക്കേസില്‍ ദീപാ നിശാന്തിനെതിരേ നടപടിയെടുത്താല്‍ ഇത്തരം മോഷ്ടാക്കള്‍ക്ക് ഒരു പാഠമാകുമത്.

Related posts