കാഷ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു: ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയത് ബന്ധുവിന്റെ വിവാഹച്ചടങ്ങിനെത്തിയപ്പോള്‍; സൈന്യത്തില്‍ ചേര്‍ന്നത് അഞ്ചുമാസം മുമ്പ്

fayazശ്രീനഗര്‍:  ജമ്മു-കാഷ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ചു. ലഫ്റ്റനന്റ് റാങ്കിലുള്ള ഉമര്‍ ഫയാസ് എന്ന ഉദ്യോഗസ്ഥനാണ് ഭീകരരുടെ തോക്കിനിരയായത്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉമറിനെ ഇന്നലെ രാത്രിയിലാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം മുമ്പാണ് ഉമര്‍ സൈന്യത്തില്‍ ചേര്‍ന്നത്.

ഉമറിന്റെ മൃതദേഹത്തിന്റെ ശിരസിലും അടിവയറ്റിലും വെടിയേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമര്‍. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഉമറിനെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈന്യം മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെ പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സൈനികരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ഭീകരരുടെ പുതിയ രീതിയാണ് സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നബാധിത ജില്ലകളിലെ ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനം സൈനികര്‍ പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഭീകരര്‍ സൈ്വര്യവിഹാരം നടത്തുന്ന ദക്ഷിണ കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം ജില്ലകളിലേക്കുള്ള അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നല്‍കിയ നിര്‍ദ്ദേശം. ഈ പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് നാട്ടുകാരില്‍ നിന്നും സഹായം ലഭിക്കുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ ഭീകരര്‍ ഇവിടെ പകല്‍ പോലും പേടിയില്ലാതെ വിഹരിക്കുന്നു.കഴിഞ്ഞയാഴ്ച ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിരുന്നു.

Related posts