മാസശമ്പളം കാല്‍ലക്ഷം രൂപ, ജോലി സര്‍ക്കാരിനെ പുകഴ്ത്തല്‍! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ പുതിയ തന്ത്രവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മാസശമ്പളം 25,000 രൂപ! ജോലി സര്‍ക്കാരിനെ പാടിപുകഴ്ത്തല്‍; സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ജോലിക്കാരെ നിയമിക്കാന്‍ യോഗി സര്‍ക്കാര്‍. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ‘തൊഴിലാളി’കളെ നിയമിക്കാന്‍ യോഗി സര്‍ക്കാര്‍. ലോക് കല്യാണ്‍ മിത്ര എന്ന പേരില്‍ ജോലിക്കാരെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം.

മാസം 25,000 രൂപ ശമ്പളമായിരിക്കും ഈ ജോലിക്കാര്‍ക്ക് നല്‍കുന്ന വേതനം. സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ഇവരുടെ ജോലി. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് മുഖ്യമന്ത്രി നേരിട്ട് കരാര്‍ നീട്ടി നല്‍കും. ലോക് കല്യാണ്‍ മിത്രയ്ക്കായി സര്‍ക്കാര്‍ എഴുത്ത് പരീക്ഷ നടത്തും. ഇതില്‍ നിന്ന് 822 പേരെയാണ് നിയമിക്കുക.

അതേസമയം സര്‍ക്കാര്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു.

നേരത്തെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം കനത്ത തോല്‍വിയാണ് പാര്‍ട്ടി നേരിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Related posts