ഇടുക്കി വണ്ണപ്പുറം കൂട്ടക്കൊല! പ്രധാനപ്രതി അനീഷും പിടിയില്‍; കൃത്യത്തിനുശേഷം മാനഭംഗവും മൃതദേഹങ്ങളോട് അനാദരവും; പുറത്തു വരുന്നത് നടുക്കുന്ന ക്രൂരത

ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷും പിടിയില്‍. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. സുഹൃത്ത് വാടകയ്ക്ക് എടുത്ത വീട്ടിലെ കുളിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്.

സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അനീഷിനായി പോലീസ് നടത്തിയ തിരച്ചിലില്‍ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.

കേസന്വേഷണത്തില്‍ നിര്‍ണായകമായത് ഫോണ്‍കോളുകളുടെ പരിശോധനയാണ്. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സംഘം ആദ്യത്തെ ആറുമാസക്കാലയളവിലെ കോളുകളാണ് ആദ്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതില്‍നിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടര്‍ന്ന് അതിനും ആറു മാസം മുന്‍പുള്ള കോളുകള്‍ പരിശോധിച്ചു.

സ്ഥിരമായി ഒരാള്‍ കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. അനീഷിന്റെ നമ്പറാണ് ഇതെന്നും കണ്ടെത്തി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുന്‍പുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി.

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു കൃത്യം നടത്തിയത്.

പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്‌പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സ്‌പെക്ട്ര വഴി സാധിക്കും.

Related posts