വാഷിംഗ്ടൺ: പാക്കിസ്ഥാന്റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി പ്രസിഡന്റ് ഡോണൾഡ് ട്രന്പ്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴകളും ഏർപ്പെടുത്തുമെന്ന ട്രന്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നീക്കം. ഇത് ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പാക്കിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കും. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിൽക്കും!’ ട്രന്പ് പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴയും നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എണ്ണ വ്യാപാരവും നിലവിലുള്ള വ്യാപാര നിയന്ത്രണങ്ങളുമാണ് തീരുമാനത്തിനു പിന്നിലെന്നു ട്രന്പ് ചൂണ്ടിക്കാട്ടി.
വൈറ്റ് ഹൗസിൽ ഇന്ന് “വളരെ തിരക്കുള്ള” ദിവസമായിരുന്നുവെന്നും വ്യാപാര ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും ട്രന്പ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. “ഞാൻ പല രാജ്യങ്ങളുടെയും നേതാക്കളുമായി സംസാരിച്ചു, അവരെല്ലാം അമേരിക്കയെ അങ്ങേയറ്റം സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം നമ്മുടെ വ്യാപാര കമ്മി വളരെ വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും.’