ബിസിജി വാക്‌സിന് കോവിഡിനെ ചെറുക്കാനായേക്കുമോ ? ബിസിജി കുത്തിവയ്പ്പ് നിര്‍ബന്ധമാക്കിയത് ഇന്ത്യയ്ക്ക് രക്ഷയായേക്കുമെന്ന് യുഎസ് ഗവേഷണ റിപ്പോര്‍ട്ട്…

ലോകത്ത് മരണം വിതച്ചു കൊണ്ട് കോവിഡ് 19 മുന്നേറുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസമാവുകയാണ് യുഎസ് ഗവേഷണ റിപ്പോര്‍ട്ട്.

നവജാത ശിശുക്കള്‍ക്ക് ബിസിജി വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് ഇന്ത്യയ്ക്ക് രക്ഷയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചെറുപ്പകാലത്തെ ബിസിജി വാക്സിനേഷനും കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രതയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍വൈഐടി)യിലെ ശാസ്ത്രജ്ഞരാണ് വിശദീകരിക്കുന്നത്.

ഇന്ത്യ നവജാത ശിശുക്കള്‍ക്ക് ക്ഷയരോഗപ്രതിരോധത്തിനു നല്‍കുന്ന ബാസിലസ് കാല്‍മെറ്റെ ഗുവെരിന്‍ (ബിസിജി) വാക്സിന്‍ നിര്‍ബന്ധമാക്കിയ രാജ്യമാണ്. ഇതാണ് ഈ രംഗത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതും.

അതേസമയം, ഇറ്റലി, അമേരിക്ക, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ ബിസിജി വാക്സിനേഷന്‍ നിര്‍ബന്ധമല്ല.

എന്നാല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് എന്‍വൈഐടി ബയോമെഡിക്കല്‍ സയന്‍സസ് അസി. പ്രഫ. ഗൊണ്‍സാലോ ഒട്ടാസുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍.

ക്ഷയരോഗത്തെ ചെറുക്കാന്‍ 1948 മുതലാണ് രാജ്യത്ത് ബിസിജി കുത്തിവയ്പ് നിര്‍ബന്ധമാക്കിയത്.

കോവിഡ് 19-ന്റെ പ്രധാന രോഗലക്ഷണമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ബിസിജി വാക്സിന്‍ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

1984-ല്‍ മാത്രം ബിസിജി വാക്സിനേഷന്‍ നടപ്പാക്കിയ ഇറാനില്‍ മരണനിരക്ക് (10 ലക്ഷം പേരില്‍) 19.7 ശതമാനമാണ്.

എന്നാല്‍ 1947-ല്‍ തന്നെ വാക്സിനേഷന്‍ നടപ്പാക്കിയ ജപ്പാനില്‍ 0.28 മാത്രമാണ് മരണനിരക്ക്. 1920-കള്‍ മുതല്‍ തന്നെ ബിസിജി വാക്സിന്‍ നല്‍കുന്ന ബ്രസീലില്‍ 0.0573 മാത്രമാണ് മരണനിരക്ക്.

ക്ഷയരോഗ നിരക്ക് കുറഞ്ഞതോടെ 1963-നും 2010-നും ഇടയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ബിസിജി വാക്സിനേഷന്‍ നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍ വാക്സിനേഷന്‍ നല്‍കിയിരുന്ന 180 രാജ്യങ്ങളില്‍ 157 രാജ്യങ്ങളും ഇപ്പോഴും അതു തുടരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ബിസിജി വാക്സിന്‍ നിര്‍ണായകമാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം.

Related posts

Leave a Comment