ഇസ്ലമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്-ഇറാൻ പ്രതിനിധികളുടെ ചർച്ച ഇന്നു രാവിലെ ഇസ്ലമാബാദിൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തലാണു ചർച്ചകൾക്കു വഴിതുറന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാനിലേക്ക് തിരിക്കും മുൻപ് വാൻസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇറാൻ പക്ഷത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.
ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, സൈനിക ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, സമുദ്ര വ്യാപാരത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ കർശന നിർദേശങ്ങൾ ഇതിലുണ്ടെന്നാണു സൂചന.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം വലിയ വെല്ലുവിളിയായി തുടരുന്നു. ഹിസ്ബുള്ളയ്ക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ ചർച്ചകളുടെ അന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. നിലവിലെ വെടിനിർത്തൽ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും മധ്യസ്ഥരായ പാകിസ്ഥാനും വാദിക്കുമ്പോൾ, ലെബനൻ കരാറിന്റെ പരിധിയിൽ വരുന്നില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രയേലും.
ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാതെയും വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകാതെയും ചർച്ചകൾ തുടങ്ങാനാവില്ലെന്ന് ഇറാൻ സ്പീക്കർ ഘാലിബാഫ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ വെടിനിർത്തൽ കരാർ തകരുമെന്ന് വാൻസ് മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകൾക്ക് നികുതി ഏർപ്പെടുത്തരുതെന്ന് ട്രംപും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
