ഡെറാഡൂണ്‍/മാണ്ഡി: കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ മരണസംഖ്യ 18 ആയി. 20 പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പതിനഞ്ചും ഹിമാചലിൽ മൂന്നുപേരുമാണു മരിച്ചത്. ആയിരത്തിലേറെപ്പേർ വിവിധയിടങ്ങളിൽ കുടുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. അതേസമയം, ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും നൂറുകണക്കിനു വീടുകളും തകർന്നു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. തപോവൻ, സഹസ്രധാര, ഐടി പാർക്ക് പ്രദേശം എന്നിവിടങ്ങളിൽ നിരവധി റോഡുകളും വീടുകളും കടകളും തകർന്നു . ഡെറാഡൂണിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ഡെറാഡൂണിൽ മാത്രം മരിച്ചത്. നൈനിറ്റാളിലും ഉധം സിംഗ് നഗറിലും ഒരാൾ വീതം മരിച്ചു. ഡെറാഡൂണിലെ പ്രേം നഗർ പ്രദേശത്തെ ഉത്തരാഞ്ചൽ സർവകലാശാലയ്ക്കു സമീപമുള്ള ഒരു പാലം തകർന്നു.
വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി. പല റോഡുകളും ഒലിച്ചുപോയി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന കടകള്‍, പമ്പ് ഹൗസ്, നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവയ്ക്കും നാശമുണ്ടായിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രണ്ടുപേരെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. സെപ്റ്റംബർ ഒന്നിനും 16നും ഇടയിൽ ഉത്തരാഖണ്ഡിൽ 1375.9 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ 1108.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. അതായത് 24 ശതമാനം അധിക മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്.
കനത്ത മഴ ഹിമാചൽ പ്രദേശിനെയും ബാധിച്ചു. തിങ്കളാഴ്ച രാത്രിയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഇന്നലെ രാവിലെ മാണ്ഡി ജില്ലയിൽ പാറകൾ പതിച്ചു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഹിമാചൽ പ്രദേശിൽ, ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം 417 പേർ മരിച്ചു, 45 പേരെ കാണാതായതായും 477 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ ഒന്നിനും നും 16 നും ഇടയിൽ ഹിമാചൽ പ്രദേശിൽ 46 ശതമാനം അധിക മഴ ലഭിച്ചു. ഹിമാചലിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ഷിംലയിലെ പന്തഘട്ടിയിൽ അഞ്ചുനില കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചു. ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഗതാഗതം തടസപ്പെട്ടു. പഞ്ചാബിലെ ഫിറോസ്പുരിനെ ഷിപ്കി ലായിൽ ചൈന-ഇന്ത്യൻ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത അഞ്ച് അടച്ചിട്ടു. ഈ വർഷം ഇതുവരെ ഹിമാചൽ പ്രദേശിൽ 46 മേഘവിസ്ഫോടനവും 97 മിന്നൽ പ്രളയവും 140 മണ്ണിടിച്ചിലും ഉണ്ടായി. മൂന്നു ദേശീയ പാതകൾ ഉൾപ്പെടെ 655 റോഡുകൾ അടച്ചുപൂട്ടി. ദിവസങ്ങളായി തുടരുന്ന മഴ ഇപ്പോൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.