മധുരരാജ വമ്പന്‍ പരാജയമായിരിക്കുമെന്ന് പരിഹാസ കമന്റ്! കിടിലന്‍ മറുപടി കൊടുത്ത് തിരിച്ചടിച്ച് സംവിധായകന്‍ വൈശാഖ്; ഏറ്റെടുത്ത് ആരാധകരും

പുതുതായി പുറത്തിറങ്ങാനിരിക്കുന്നതോ തിയറ്ററുകളില്‍ പുതുതായി എത്തിയതോ ആയ സിനിമകളെ ഡീഗ്രേഡ് ചെയ്ത് താഴ്ത്തി കെട്ടാനായി മനപൂര്‍വ്വം രംഗത്തിറങ്ങുന്ന ആളുകളുണ്ട്. സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയാണ് പലപ്പോഴും അത്തരക്കാര്‍ സിനിമകളെ നശിപ്പിക്കുന്നത്.

ചിത്രത്തെ മോശമായി ബാധിക്കുമോ എന്ന് ഭയന്ന് പലപ്പോഴും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അത്തരം ഡീഗ്രേഡിഗ് അവഗണിക്കുകയാണ് പതിവ്. എന്നാല്‍ മധുരരാജ എന്ന തന്റെ മമ്മൂട്ടി ചിത്രം പരാജയമാകുമെന്ന് വിമര്‍ശിച്ച വ്യക്തിക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

മമ്മൂട്ടി ചിത്രം പേരന്‍പിന്റെ വിജയം ആഘോഷിക്കുന്ന ചിത്രം വൈശാഖ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയായിരുന്നു വിമര്‍ശനം. മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ്. തൊട്ടുപിന്നാലെ വൈശാഖിന്റെ കമന്റുമെത്തി. ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുവല്ലോ അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ മറുപടി.

വൈശാഖിന്റെ കമന്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആയിരത്തിലധികം ലൈക്കാണ് വൈശാഖിന്റെ മറുപടിക്ക് ലഭിച്ചിരിക്കുന്നത്.

മാസ് ഹിറ്റായ പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടാതെ തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു.

Related posts