ഈ പാട്ടു ടിവിയില്‍ വരുമ്പോള്‍ ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാരനോ കൗമാരക്കാരിയോ നമുക്കിടയില്‍ കുറവായിരിക്കും ! ആ പാട്ടിനെക്കുറിച്ച്

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് വൈശാലി. ഈ സിനിമയിലെ ‘ഇന്ദ്രനീലിമയോളം…അതിന്‍ പൊരുള്‍ നിനക്കേതു മറിയില്ലല്ലോ’ എന്ന ഗാനം ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു. പ്രണയത്തിന്റെ വശീകരണത്വം ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു ഗാനം മലയാള സിനിമയില്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല.

ഒരു ചിത്രം വരച്ച പോലെയാണ് ഭരതന്റെ ഓരോ ഫ്രെയിമുകളും ഈ ഗാനത്തില്‍ നിറഞ്ഞത്. കവിത തുളുമ്പുന്ന വരികള്‍ കാലത്തിനപ്പുറത്ത് പ്രണയ ഹൃദയങ്ങളെ തൊട്ടു. ഒരേസമയം മനസ്സുകൊണ്ട് മലയാളി സ്വീകരിക്കുകയും, കപട സദാചാരങ്ങളെ കൊണ്ടു തള്ളുകയും ചെയ്ത ഗാനം. അക്കാലത്ത് കൗമാരക്കാര്‍ക്ക് നിഷേധിക്കപ്പെട്ട ഗാനമായിരുന്നു ഇത്.

കുടുംബസമേതമിരുന്ന് ടി വി കാണുമ്പോള്‍ ഈ ഗാനം വന്നാല്‍ ഒന്നുകില്‍ ചാനല്‍ പെട്ടന്ന് മാറ്റപ്പെടും. അല്ലെങ്കില്‍, ആ സമയം ‘നിനക്കു പഠിക്കാനൊന്നുമില്ലേ’ എന്ന ചോദ്യം നേരിടാത്ത കൗമാരക്കാരനോ കൗമാരക്കാരിയോ നമുക്കിടയില്‍ കുറവായിരിക്കും. സത്യത്തില്‍ സദാചാര മൂല്യത്തിന്റെ അങ്ങേയറ്റത്ത് നിഷേധിക്കപ്പെട്ട മനോഹരമായ ഗാനം പിന്നീട് കാണുന്നത് വളരെ വൈകിയാകും. അന്ന് നിഷേധിച്ചതിന്റെ ജാള്യത ഉള്ളിലുള്ളതു കൊണ്ട് ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കിയായിരിക്കും ചിലപ്പോള്‍ ഇന്നും പാത്തുംപതുങ്ങിയും പാട്ടു കാണുന്നത്.

1988ല്‍ ‘വൈശാലി’ എത്തുമ്പോള്‍ തന്നെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ദൃശ്യങ്ങളിലെ മനോഹാരിതയും സംഗീതവും ആലാപനവും കപടസദാചാര ബോധത്തിന്റെ കെട്ടുകള്‍ പൊട്ടിച്ചു. ‘ഹിന്ദോള’ രാഗത്തില്‍ കെ.എസ്. ചിത്രയുടെ അതിമനോഹരമായ ആലാപനം. വരികളെഴുതിയ ഒഎന്‍വിയും സംഗീതം നല്‍കിയ രവി ബോംബെയും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും കാലാതീതമായി നില്‍ക്കുകയാണ് ഗാനം. തലമുറകളില്‍ പ്രണയ രതിയുടെ സ്വപ്നങ്ങള്‍ നിറച്ചു തന്നെ…

Related posts