സുനാമിയുടെ ഭീകരത കണ്ട് സിവില്‍ സര്‍വീസിലേയ്ക്ക് തിരിഞ്ഞ രണ്ടുപേര്‍ ഇന്ന് വെള്ളപ്പൊക്ക ദുരിതത്തില്‍ കേരളത്തിന് രക്ഷകരായി! വാസുകി- കാര്‍ത്തികേയന്‍ കളക്ടര്‍ ദമ്പതികളുടെ കഥ

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ അരങ്ങേറിയ വെള്ളപ്പൊക്ക കെടുതികളില്‍ നിന്ന് മലയാളികളെ രക്ഷപെടുത്തുന്നതിനായി രാപകലില്ലാതെ അദ്ധ്വാനിച്ച നിരവധിയാളുകളുകളില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി.

വെള്ളം കേറിയും ഇറങ്ങിയും തുടര്‍ന്ന സമയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിച്ചും ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേയ്ക്ക് ഓടി നടന്ന് കാര്യങ്ങള്‍ വിലയിരുത്തിയും വോളണ്ടിയേഴ്‌സിന് മാതൃകയും ധൈര്യവും നല്‍കി വാസുകി നടത്തിയ സേവനങ്ങള്‍ മലയാളിക്ക് മറക്കാനാവാത്തതാണ്.

ഒരു നാടിന്റെ രക്ഷയ്ക്ക് നിര്‍ണായക പങ്കുവഹിച്ച വാസുകി ഈ പദവിയിലെത്തിയതിന് പിന്നില്‍ ഒരു കഥയുണ്ട്. കേരളത്തിലും വലിയ രീതിയില്‍ ആഞ്ഞടിച്ച സുനാമിയാണ് അതിന് കാരണം. അതാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അക്കഥയിങ്ങനെ…

2004 ഡിസംബറില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരങ്ങളില്‍ വീശിയ സൂനാമി രണ്ടു ഡോക്ടര്‍മാരുടെ സ്വപ്നങ്ങള്‍ മാറ്റി. മെഡിക്കല്‍ പ്രഫഷനെക്കാളേറെ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മ ചെയ്യാനായി സിവില്‍ സര്‍വീസിലൂടെ സാധിക്കുമെന്ന അറിവ് അവരുടെ ജീവിതം മാറ്റിമറിച്ചു. പ്രണയജോഡികളായിരുന്ന കെ വാസുകി, കാര്‍ത്തികേയന്‍ എന്നിവര്‍ അതോടെ സിവില്‍ സര്‍വീസ് ലക്ഷ്യമിട്ട് പഠനം തുടങ്ങി.

ഇരുവരും ജ്യോഗ്രഫിയും സൈക്കോളജിയും ഐച്ഛികമായി തിരഞ്ഞെടുത്തു. പഠനം തകൃതിയായി നടന്നു. 2008 ല്‍ ഇരുവര്‍ക്കും സിവില്‍ സര്‍വീസ് കിട്ടി. 97 ാം റാങ്കാണ് വാസുകിക്ക് കിട്ടിയത്. അതേസമയം 127 റാങ്കായിരുന്നു കാര്‍ത്തികേയന് ലഭിച്ചത്. അലോട്ട്മെന്റ് വന്നപ്പോള്‍ കാര്‍ത്തികേയന് ലഭിച്ചത് ഐഎഫ്എസും.

ഇതോടെ ഐഎഫ്എസ് വേണ്ടെന്ന് വയ്ക്കാന്‍ കാര്‍ത്തികേയന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ത്തികേയന്‍ പരിശീലനത്തിനും പോലും പോയില്ല. ഇനി ഒരിക്കലും സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കില്ല അഥവാ എഴുതിയാല്‍ പോലും ഇന്റര്‍വ്യൂവിനു വിളിക്കില്ലെന്ന് ഭയം കാര്‍ത്തികേയനെ അലട്ടി.

ഈ കാലത്ത് വാസുകി കാര്‍ത്തിയേകന് പിന്തുണ നല്‍കി ഒപ്പം നിന്നു. വീണ്ടും പരീക്ഷ എഴുതാനായി കാര്‍ത്തിയേകന് അവകാശം ലഭിക്കാനായി ഡല്‍ഹിയിലെ വിദേശകാര്യ, പഴ്സനേല്‍ മന്ത്രാലയങ്ങളില്‍ വാസുകി കയറിയിറങ്ങി. അവസാനം അനുമതി കിട്ടി.

2009, 2010 ലും കാര്‍ത്തികയന് കിട്ടിയത് ഐആര്‍എസ് മാത്രമാണ്. 2010 ല്‍ ഇരുവരും വിവാഹിതരായി. നാലാം തവണ 2011ല്‍ കാര്‍ത്തികേയന് ഐഎഎസ് ലഭിച്ചു. കാര്‍ത്തികേയന് കേരളാ കേഡറും കിട്ടി. പിന്നീട് വാസുകി മധ്യപ്രദേശ് കേഡറില്‍ നിന്നും കേരളാ കേഡറിലേക്ക് വന്നു. ഇപ്പോള്‍ വാസുകി തിരുവനന്തപുരം ജില്ലാ കളക്ടറും കാര്‍ത്തികേയന്‍ കൊല്ലം ജില്ലാ കളക്ടറുമാണ്.

Related posts