ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഢിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ ബിജെപിയിൽ തുടരുന്നു. ഒരിടത്തും മുഖ്യമന്ത്രിമാരെ ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപി പ്രചാരണം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാരെ ഇനി കണ്ടെത്തേണ്ടതുണ്ട്. മൂന്നിടത്തും മുഖ്യമന്ത്രിമാരാകാൻ പലരുള്ളതിനാൽ അത് വെല്ലുവിളിയുമാണ്.
രാജസ്ഥാനിലാണു വലിയ വെല്ലുവിളി. അവിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കു നിരവധി പേരുകൾ ഉയർന്നുവന്നു കഴിഞ്ഞു. ബിജെപി നേതൃത്വം ബാലക്നാഥിന്റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെ അപ്രതീക്ഷിതമായ ചില നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ രംഗത്തെത്തി.
വിജയിച്ച ബിജെപി എംഎൽഎമാരെ ക്ഷണിച്ചുവരുത്തി വിരുന്നു നൽകിയിരിക്കുകയാണ് അവർ. പാർട്ടി നേതൃത്വത്തിനുള്ള സന്ദേശമാണ് അതെന്നാണു സൂചന. ബാബ ബാലക്നാഥ് ഇന്നലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയിരുന്നു. ഈ സമയത്താണ് ജയ്പുരിൽ വസുന്ധര രാജെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയത്.