വീരപ്പനെ കുടുക്കാന്‍ സഹായിച്ചത് അബ്ദുള്‍ നാസര്‍ മദനിയോ? വീരപ്പന്‍ സംഘത്തില്‍ കടന്നുകയറിയത് മദനിയുടെ അനുയായികളെന്ന് വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍

v-2രാജ്യത്തെ വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പനെ വകവരുത്താന്‍ സഹായിച്ചത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെന്ന് വെളിപ്പെടുത്തല്‍. പ്രത്യേക ദൗത്യസേന (എസ്ടിഎഫ്) തലവനായിരുന്ന കെ വിജയകുമാറിന്റേതാണ് വെളിപ്പെടുത്തല്‍. അദേഹം എഴുതിയ വീരപ്പന്‍, ചേസിംഗ് ദി ബ്രിഗന്‍ഡ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. വീരപ്പന്‍വേട്ടയ്ക്ക് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തുന്നു എന്ന് അവകാശപ്പെടുന്ന പുസ്തകത്തില്‍ ‘ദമനി’എന്ന പേരിലാണ് മദനിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

പുസ്തകത്തില്‍ മദനിയെക്കുറിച്ച് വെളിപ്പെടുത്തുന്ന ഭാഗങ്ങള്‍ ഇങ്ങനെ- ചില ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതിന്റെ ഗൂഢാലോചനക്കുറ്റത്തിന് ദമനി’ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലം. അതേസമയത്ത് വീരപ്പന്റെ മൂത്തജ്യേഷ്ഠന്‍ മാതയ്യനും കോയമ്പത്തൂര്‍ ജയിലിലുണ്ട്. മാതയ്യനും ‘ദമനിയും തമ്മില്‍ സൗഹൃദത്തിലായി. തന്റെ സംഘത്തിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ വീരപ്പന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ച എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ 2003 സെപ്റ്റംബറില്‍ ജയിലിലെത്തി ദമനിയെ കണ്ടു.വീരപ്പന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ തന്റെ നാല് അനുയായികളെ വിട്ടുനല്‍കാമെന്ന് മാതയ്യനോട് പറയണമെന്ന് എസ്ടിഎഫ്. ഉദ്യോഗസ്ഥര്‍ ‘ദമനി’യോട് ആവശ്യപ്പെട്ടു.

സമ്മതിച്ചാല്‍ ദമനിയുടെ ജാമ്യനടപടികള്‍ വേഗത്തിലാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഏറെ ചര്‍ച്ചകള്‍ക്കുശേഷം ‘ദമനി’ സമ്മതംമൂളി. തന്റെ കൂടെനില്‍ക്കുന്ന നാലുപേരെ വീരപ്പന്‍ സംഘത്തിലേക്ക് അയയ്ക്കാമെന്ന് ‘ദമനി’ മാതയ്യനോട് പറഞ്ഞു. ജയിലില്‍ തന്നെ പതിവായി കാണാന്‍ വരുന്ന മരുമകന്റെ സഹായത്തോടെ മാതയ്യന്‍ ഈ വിവരം വീരപ്പന്റെ അടുത്തെത്തിച്ചു. ദമനി’ പറഞ്ഞുവിട്ട ആള്‍ക്കാര്‍ എന്നപേരില്‍ കന്യാകുമാരി സ്വദേശി ഹിദായത്തുള്ളയും നാലു സുഹൃത്തുക്കളും സത്യമംഗലം കാട്ടിലെത്തി വീരപ്പന്‍ സംഘത്തോടൊപ്പം ചേര്‍ന്നു. വിവരങ്ങള്‍ ചോര്‍ത്താന്‍ എസ്ടിഎഫ് ഏര്‍പ്പാടാക്കിയതായിരുന്നു ഇവരെ.

ആഴ്ചകളോളം വീരപ്പന്‍ സംഘത്തോടൊപ്പം കഴിഞ്ഞ ഇവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി. വീരപ്പന്റെ കണ്ണുകളെ തിമിരം മൂടിയിട്ടുണ്ടെന്നും പുറംലോകത്തെത്തി ചികിത്സനേടാന്‍ ശ്രമിക്കുന്നുണ്ടെന്നുമുള്ള നിര്‍ണായകവിവരം നല്‍കിയതും ഇവരാണ്. ഹിദായത്തുള്ളയും സംഘവും നല്‍കിയ വിവരങ്ങള്‍വെച്ച് വീരപ്പനെയും സംഘത്തെയും വകവരുത്താന്‍ ‘ഓപ്പറേഷന്‍ കൊക്കൂണ്‍’എന്ന പേരില്‍ വിജയകുമാര്‍ പദ്ധതിയൊരുക്കി. നേത്രശസ്ത്രക്രിയയ്ക്കായി നാട്ടിലേക്ക് തിരിച്ച വീരപ്പനെയും മൂന്നു കൂട്ടാളികളെയും 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി ജില്ലയിലെ പാപ്പിരപട്ടി ഗ്രാമത്തില്‍വെച്ച് എസ്ടിഎഫ് സേനാംഗങ്ങള്‍ വെടിവെച്ചുകൊന്നു.

Related posts