ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജയലളിതയെ ആരോ തള്ളിവീഴ്ത്തി! 27 സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റിയിരുന്നു; പുതിയ ആരോപണവുമായി മുന്‍ തമിഴ്‌നാട് സ്പീക്കര്‍

jayalalithaa_may19അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തോടനുബന്ധിച്ച സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇതുവരെയും ശമനമായിട്ടില്ല. പ്രമുഖ വ്യക്തിത്വങ്ങളടക്കം നിരവധിയാളുകള്‍ ജയലളിതയുടെ മരണ കാരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഏറ്റവും പുതുതായി രംഗത്തെത്തിയിരിക്കുന്നത് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ പി എച്ച് പാണ്ഡ്യനാണ്. ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനില്‍ വച്ച് അവരെ ആരോ മനപൂര്‍വ്വം തള്ളിയിട്ടുരുന്നെന്നും ഇക്കാരണത്താലാണ് 2016 സെപ്റ്റംബര്‍ 22 ന് അവരെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് പി എച്ച് പാണ്ഡ്യന്‍ ആരോപിക്കുന്നത്.

ലൈവ് ആത്മഹത്യകള്‍ ഇനി അനുവദിക്കില്ല! ആത്മഹത്യകള്‍ ലൈവായി ചിത്രീകരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് വഴി കണ്ടെത്തി;

ആശുപത്രി അധികൃതര്‍ നല്‍കിയ കുറിപ്പില്‍ ജയലളിതയെ 75 ദിവസം ചികിത്സിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ചുവരെയായിരുന്നു അത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച കുറിപ്പിലും വീഴ്ചയെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ക്കും ആഘാതങ്ങള്‍ക്കുമാണ് അവരെ ചികിത്സിച്ചിരുന്നത്. അമ്മയെ ആരോ തള്ളിയിട്ടു. അതിന് ശേഷം അമ്മയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഒരു പോലീസുദ്യോഗസ്ഥന്‍ വിളിച്ചു വരുത്തിയ ആംബുലന്‍സിലാണ് അമ്മയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പാണ്ഡ്യന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാണ്ഡ്യന്‍.

ജയയെ പ്രവേശിപ്പിച്ച ശേഷം അപ്പോളോയിലെ 27 സി.സി.ടി.വി ക്യാമറകള്‍ എടുത്തു മാറ്റി. ഈ നടപടി എന്തുകൊണ്ടാണെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കണം. ജയലളിത ഡിസംബര്‍ നാലിനാണ് മരിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം മറച്ചുവെന്നും ഡിസംബര്‍ അഞ്ചിനാണ് മരണവിവരം പുറത്ത് വിട്ടതെന്നും പാണ്ഡ്യന്‍ പറഞ്ഞു. ജയയുടെ ഏത് ബന്ധു അനുവദിച്ചിട്ടാണ് അവരുടെ ചികിത്സ നിര്‍ത്തിയതെന്നും പാണ്ഡ്യന്‍ ചോദിച്ചു. എവിടെ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് വിവരങ്ങളറിയാന്‍ സ്രോതസുണ്ടെന്നും താന്‍ സ്വന്തം നിലയ്ക്ക് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പാണ്ഡ്യന്‍ പറഞ്ഞു.

അമ്മയ്ക്ക് നല്‍കിയ ചികിത്സ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ട്. എസ്.പി.ജി സുരക്ഷയുള്ള അമ്മയ്ക്ക് ഭക്ഷണം പരിശോധിച്ച ശേഷമാണോ നല്‍കിയിരുന്നത്. എന്തുകൊണ്ടാണ് എസ്.പി.ജിക്കാരെ ആശുപത്രിയില്‍ അനുവദിക്കാതിരുന്നത്. അപ്പോളോ ആശുപത്രിയില്‍ ആവശ്യത്തിന് ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉണ്ടായിട്ടും എന്തിന് ലണ്ടനില്‍ നിന്ന് ഡോക്ടര്‍മാരെ എത്തിച്ചു എന്നും മുന്‍ സ്പീക്കര്‍ സംശയമുന്നയിക്കുന്നുണ്ട്. ഏതായാലും ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ചുള്ള ആളുകളുടെ സംശയം ഇനിയും തീര്‍ന്നിട്ടില്ല എന്ന് വേണം മനസിലാക്കാന്‍.

Related posts