ബഡായി ബംഗ്ലാവിലേക്കുള്ള ക്ഷണം നിരസിച്ചത് യഥാര്‍ഥ ജീവിതം കോമഡിയാക്കാന്‍ കഴിയാത്തതു കൊണ്ട്; പോയിന്റ് ബ്ലാങ്കില്‍ മനസു തുറന്ന് വിനായകന്‍

vinayakan600തിരുവനന്തപുരം: പുലയന്‍ ആണെന്നു കരുതി ഒരിക്കലും മാറി നിന്നിട്ടില്ലെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍. ചാനല്‍ അവാര്‍ഡുകള്‍ സൂപ്പര്‍താരങ്ങള്‍ക്കു പിന്നാലെ പോയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്് വിനായകനെ തേടിയെത്തി. സിനിമയില്‍ വിനായകന്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നേ സിനിമ കണ്ടവര്‍ പറയൂ. കൊച്ചിയിലെ കമ്മട്ടിപ്പാടത്തു തന്നെയാണ് വിനായകന്റെ വീട്. അതു കൊണ്ട് സിനിമയിലെ കഥാപാത്രങ്ങളെല്ലാം തനിക്കു പരിചയമുള്ളവരായിരുന്നുവെന്നാണ് വിനായകന്‍ പറയുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷം വിനായകന്റെ ആരാധകരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അവാര്‍ഡ് ആരാധകരുടെ എണ്ണം വീണ്ടുമുയര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ വിനായകന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.
ജാതീയതയെ കുറിച്ചും കമ്മട്ടിപ്പാടത്തെ കുറിച്ചും സിനിമയെയും സംഗീതത്തെയും കുറിച്ചെല്ലാം വിനായകന്‍ മറയില്ലാതെ ജിമ്മി ജെയിംസിന് മുന്നില്‍ മനസു തുറന്നു. ജാതി ശ്രേണിയില്‍ പുലയനാണെങ്കിലും അത് തന്നെ അലട്ടാറില്ലെന്നു പറ്റുമെങ്കില്‍ മുന്‍നിരയിലേക്ക് വരാനാകും താന്‍ ശ്രമിക്കുകയെന്നും വിനായകന്‍ തുറന്നു പറഞ്ഞു. താന്‍ അയ്യങ്കാളി ചിന്താഗതിക്കാരനാണെന്നു പറഞ്ഞ വിനായകന്‍ പുലയനാണെന്നു കരുതി ഇത് വരെ മാറിനിന്നിട്ടില്ലെന്നും ഇനി മാറി നില്‍ക്കുകയില്ലെന്നും വ്യക്തമാക്കി. ഒന്നുമില്ലായ്മയില്‍ നിന്നും പൊരുതി കയറിയവനാണ് താനെന്നും തന്നെ കോമഡിയായി വില്‍ക്കാന്‍ തനിക്കും കഴിയില്ലെന്നും വിനായകന്‍ പറയുന്നു.

എതിര്‍ക്കപ്പെടേണ്ടിയിടത്ത് എതിര്‍ക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് ജീവിക്കുക. ഞാനും ഒരു കമ്മട്ടിപ്പാടത്തിന്റെ സൃഷ്ടിയാണ്. ഞാന്‍ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നും രാവിലെ വീടിന്റെ മുന്നില്‍ ആളുകള്‍ വെളിക്കിരിക്കാന്‍ വരും. അവരോട് പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാന്‍ കഴിയൂ. മറ്റുള്ളവര്‍ പറയുന്ന ഭാഷ താന്‍ പറയണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും വിനായകന്‍ പറയുന്നു.

താന്‍ കമ്മട്ടിപ്പാടത്തിലെ മാലിന്യത്തിലും അഴുക്കിലുമാണ് ജീവിക്കുന്നതെന്നും രണ്ട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു പാലം സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ താഴെയുണ്ടാവുന്ന ഇരുട്ടിലും അഗാധതയിലുമാണ് താന്‍ വളര്‍ന്നതെന്നും വിനായകന്‍ വ്യക്തമാക്കുന്നു. അന്നും ഇന്നും ഞാന്‍ പുലയനായി തന്നെയാണ് ജീവിച്ചത്. പുലയന്റെ താളം എന്റെ മനസ്സിലും ശരീരത്തിലും എപ്പോഴും ഉണ്ട്. ഡാന്‍സിലും സംഗീതത്തിലും ആ താളമാണ് എനിക്കുള്ളത്. എല്ലാം മറന്ന് ഡാന്‍സ് ചെയ്യുക എന്നതിനേക്കാള്‍ എല്ലാം മറന്ന് തുള്ളണം എന്നാണ് താന്‍ പറയുന്നത് വിനായകന്‍ പറയുന്നു. പുരസ്കാരം കിട്ടിയതിന്റെ പേരില്‍ വന്ന വഴിമറന്നാല്‍ വീട്ടുകാരോടും കൂട്ടുകാരോടും കാണിക്കുന്ന ഏറ്റവും വലിയ ചതിയാവും അത്. അവാര്‍ഡ് കിട്ടിയതുകൊണ്ട് കമ്മട്ടിപ്പാടത്ത് നിന്ന് മാറുകയില്ല. ഒരിക്കലും സുഹൃത്തുക്കളെ ഉപേക്ഷിക്കില്ലെന്നും  വിനായകന്‍ പറഞ്ഞു.

ജാതി, മതം, വര്‍ണം തുടങ്ങിയവ ഉപയോഗിച്ച് തന്നെ എതിര്‍ക്കാന്‍ ശ്രമിച്ചവരെയെല്ലാം മറികടക്കാന്‍ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നും പറ്റുമെങ്കില്‍ ഒരു ഫെരാരി കാറില്‍ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും വിനായകന്‍ പറഞ്ഞു. അവാര്‍ഡ് വാര്‍ത്തയറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ജിലേബി കഴിപ്പിക്കാന്‍ ശ്രമിച്ചതിനെ വിനായകന്‍ വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ചില ആംഗ്യങ്ങള്‍ കാണിക്കാന്‍ പറഞ്ഞു. അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. എന്തിനാണ് എന്നോട് അമ്മയെ കെട്ടിപ്പിടിക്കാന്‍ പറയുന്നത്.? ഹൈപ്പ് ക്രിയേറ്റ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നും തനിക്ക് റിയല്‍ ആവാനാണ് ഇഷ്ടമെന്നും വിനായകന്‍ പറഞ്ഞു. ഞാന്‍ പേജ് 3 അല്ല. കോമഡി കാണിച്ച് എന്നെത്തന്നെ വില്‍ക്കാന്‍ കഴിയില്ല. താന്‍ ജീവിച്ചത് കോമഡിയല്ലെന്നും വിനായകന്‍ വ്യക്തമാക്കി.

ബഡായി ബംഗ്ലാവിലേക്ക് അടക്കം തന്നെ ക്ഷണിച്ചിരുന്നതാണ്. എന്നാല്‍, താന്‍ അതില്‍ പങ്കെടുത്തില്ല. അതിന് കാരണം എന്റെ യഥാര്‍ത്ഥ ജീവിതം കോമഡിയാക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നും വിനായകന്‍ പറഞ്ഞു. വിനായകന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലും ഇതിനോടകം തന്നെ വൈറലായട്ടുണ്ട്. ഒരുലക്ഷത്തിലേറെ ആളുകളാണ് വിനായകന്റെ അഭിമുഖം ഇതിനോടകം കണ്ടു കഴിഞ്ഞത്.

Related posts