‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദി ! അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി; സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍…

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ഞാന്‍ പ്രകാശന്‍ മലയാളക്കരയെ കീഴടക്കി മുന്നേറുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു.2002ല്‍ ആയിരുന്നു ഇത്. കഥ തിരക്കഥ സംഭാഷണം: ശ്രീനിവാസന്‍’, ‘സംവിധാനം സത്യന്‍ അന്തിക്കാട്’ ഈ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു ഒരു കാലത്ത് മലയാളികള്‍ക്ക് തിയേറ്ററിന് മുന്നിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍.

ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ചപ്പോളൊക്കെ മലയാള സിനിമയ്ക്ക് ചിരിയ്ക്കാനും ചിന്തിക്കാനും ഏറെ ഉണ്ടായിട്ടുണ്ട്. വീണ്ടും അങ്ങനെയൊരു സിനിമയുമായി ഇരുവരും എത്തിയപ്പോള്‍, അതിന് നന്ദി പറയുകയാണ് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍. ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും വിനീത് പങ്കുവയ്ക്കുന്നു.

‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദി, സത്യന്‍ അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു,’ വിനീത് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘സന്മനസുള്ളവര്‍ക്ക് സമാധാനം’, ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘പട്ടണ പ്രവേശം’, ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേല്‍പ്പ്’, ‘തലയണമന്ത്രം’, ‘സന്ദേശം’ തുടങ്ങി നിരവധി ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ‘മറ്റൊരുപാട് തിരക്കഥാകൃത്തുക്കളുമായി ചേര്‍ന്ന് ജോലി ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസനുമായുള്ള എന്റെ ബന്ധം വളരെ സ്പെഷ്യല്‍ ആണ്. ഒരുമിച്ചു പ്രവര്‍ത്തിക്കാതിരുന്ന കാലഘട്ടത്തിലും ഞങ്ങള്‍ തമ്മില്‍ സ്ഥിരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു.

വേറെ പ്രൊജക്റ്റുകളുമായി തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് മാത്രമാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഞങ്ങള്‍ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാം തന്നെ വളരെ രസകരമാണ്. സംഭാഷണങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് സിനിമ സംഭവിക്കുന്നത്.”, ശ്രീനിവാസനുമായുള്ള കൂട്ടുക്കെട്ടിനെക്കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഞാന്‍ പ്രകാശന്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

Related posts