വളർത്തുമൃഗങ്ങളെ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹിക്കുന്ന നിരവധി മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയ തമിഴ്നാടൻ കുടുംബത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
‘ആധിര’ എന്ന ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയുടെ ഒന്നാം പിറന്നാളാണ് വീട്ടുകാർ ഗംഭീരമായി ആഘോഷിച്ചത്. വീട് വർണ്ണാഭമായ തോരണങ്ങൾ കൊണ്ടും “ഹാപ്പി ബർത്ത്ഡേ ആധിര” എന്ന ബോർഡ് വച്ചും അലങ്കരിച്ചിരുന്നു. തലയിൽ പിറന്നാൾ തൊപ്പിയണിഞ്ഞ ആധിരയ്ക്കായി പ്രത്യേക കേക്കും കുടുംബാംഗങ്ങൾ ഒരുക്കിയിരുന്നു. പാട്ടുപാടി കേക്ക് മുറിക്കുമ്പോൾ ഏറെ സന്തോഷത്തോടെ അത് കഴിക്കുന്ന ആധിരയെ വീഡിയോയിൽ കാണാം.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ പിറന്നാൾ വ്ലോഗ് ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘ആധിര’യ്ക്ക് മാത്രമായി ഇൻസ്റ്റാഗ്രാമിൽ പ്രത്യേക അക്കൗണ്ടുമുണ്ട്. നായയോടുള്ള ഈ കുടുംബത്തിന്റെ സ്നേഹത്തെയും കരുതലിനെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്.
