ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗ്രീസിൽ നിന്നൊരു അപൂർവ്വ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ അതിർത്തിക്കുള്ളിൽ കയറുന്ന തെരുവ് നായകളെ കടിച്ചുകീറാൻ മടിക്കാത്ത കാട്ടുചെന്നായകൾ, ഒരു കുഞ്ഞു നായക്കുട്ടിയെ സ്വന്തം മകനെപ്പോലെയാണ് നോക്കുന്നത്. മധ്യ മാക്കഡോണിയയിലെ വനമേഖലയിലാണ് ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ഏകദേശം നാല് മാസം മാത്രം പ്രായമുള്ള, ഒരു കുഞ്ഞു തെരുവ് നായക്കുട്ടിയാണ് ഇപ്പോൾ ഈ ചെന്നായക്കൂട്ടത്തിലെ താരം. കഴിഞ്ഞ മൂന്ന് ആഴ്ചയിലേറെയായി അവൻ കാട്ടിലെ ഈ ചെന്നായ കുടുംബത്തോടൊപ്പമാണ് താമസം.
ഗവേഷകർ ഡ്രോൺ വഴി പകർത്തിയ ദൃശ്യങ്ങൾ വന്യജീവി പ്രേമികളുടെ നെഞ്ചുലയ്ക്കുകയാണ്. വെളുത്ത നായക്കുട്ടി ആ കൂട്ടത്തിലെ പ്രധാന പെൺചെന്നായയെ സ്വന്തം അമ്മയെപ്പോലെയാണ് പിന്തുടരുന്നത്. പുലർച്ചെ സമയങ്ങളിൽ തങ്ങൾ വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 450 മീറ്റർ അകലെയുള്ള ഒരു നീരുറവയിലേക്ക് ഈ പെൺചെന്നായ നായക്കുട്ടിയെ വഴിനടത്തിക്കൊണ്ടുപോകും. വഴിമധ്യേ അവൾ ഇരതേടുമ്പോൾ നായക്കുട്ടി യാതൊരു ഭയവുമില്ലാതെ ക്ഷമയോടെ വഴിയിൽ കാത്തുനിൽക്കും. അവർ വെള്ളക്കെട്ടിന് അടുത്തെത്തിയാലുടൻ അവൻ ഓടിച്ചെന്ന് വെള്ളം കുടിക്കുന്നതും ഒക്കെയാണ് പകർത്തിയ ദൃശ്യങ്ങളിൽ കാണുന്നത്.
വെള്ളം കുടിച്ച് കഴിഞ്ഞ് മിനിറ്റുകൾക്കകം ആ കൂട്ടത്തിലെ പ്രധാന ആൺചെന്നായ കിലോമീറ്ററുകൾ അകലെ നിന്ന് രണ്ട് വലിയ എല്ലിൻകഷ്ണങ്ങൾ കടിച്ചെടുത്ത് ഈ നായക്കുട്ടിയുടെ മുന്നിൽ കൊണ്ടുവെച്ചുകൊടുത്തു! നായക്കുട്ടി അത് കഴിക്കുന്നത് ചെന്നായകൾ നോക്കിനിൽക്കുകയായിരുന്നു.
ഗ്രീസിലെ അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ തിയോഡോറോസ് കോമിനോസ് ഒരു വർഷമായി ഈ ചെന്നായക്കൂട്ടത്തെ നിരീക്ഷിച്ചുവരികയാണ്. “ഇത് വന്യജീവി ചരിത്രത്തിൽ തന്നെ മുൻപില്ലാത്തൊരു സംഭവമാണ്. ഈ കഥ എങ്ങനെ അവസാനിക്കുമെന്നോ അവൻ എത്രനാൾ അവരുടെ കൂടെയുണ്ടാകുമെന്നോ അറിയില്ല. പക്ഷേ ഒന്നുറപ്പാണ്, ചെന്നായക്കൂട്ടം അവനെ വെറുതെ സഹിക്കുക മാത്രമല്ല ചെയ്യുന്നത്, ആ മാതാപിതാക്കൾ അവന് പ്രത്യേക സ്നേഹവും സംരക്ഷണവും നൽകുന്നുണ്ട്. അവന്റെ വയറിന്റെ വലിപ്പം കണ്ടാൽ അറിയാം ചെന്നായകൾ അവനെ പട്ടിണിക്കിടുന്നില്ല എന്നാണ് അദ്ദഹം കുറിച്ചത്.
ഈ ചെന്നായക്കൂട്ടം ഒരു നായക്കുട്ടിയെ കൂടെക്കൂട്ടുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ശീതകാലത്ത് ഒരു കറുത്ത നായക്കുട്ടിയെ ഇവർ ഇതുപോലെ ദത്തെടുത്തിരുന്നു. എന്നാൽ കടുത്ത തണുപ്പും മഴയും താങ്ങാൻ കഴിയാത്തത്ര ചെറിയ കുട്ടിയായിരുന്നതുകൊണ്ട് ആ പാവം അധികം വൈകാതെ ചത്തുപോവുകയായിരുന്നു. അതിനുശേഷമാണ് ഇപ്പോൾ ഈ വെളുത്ത നായക്കുട്ടിയെ അവർ പൊന്നുപോലെ നോക്കുന്നത്.
പരിണാമപരമായി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞതാണെങ്കിലും നായകളുടെയും ചെന്നായകളുടെയും ജനിതകഘടന 99.9% സമാനമാണ്. ഗ്രീസിൽ ദശലക്ഷക്കണക്കിന് തെരുവ് നായകൾ ഉള്ളതുകൊണ്ട് ഇവ തമ്മിൽ കാട്ടിൽ വെച്ച് സമ്പർക്കമുണ്ടാകുന്നത് സാധാരണമാണെങ്കിലും, ഒരു നായക്കുട്ടിയെ ചെന്നായകൾ ഇങ്ങനെ സ്നേഹത്തോടെ വളർത്തുന്നത് വന്യജീവി ലോകത്തെ ഏറ്റവും അപൂർവ്വമായ കാഴ്ചകളിൽ ഒന്നാണ്!
