നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച് മുംബൈയിൽ വൻ പ്രക്ഷോഭം. കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
അതിനിടെ, കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പോവുകയായിരുന്ന പോലീസ് വാനിന് മുന്നിൽ കൈകൾ വിടർത്തി നിന്നു പ്രതിഷേധിച്ച യുവതിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഗ്രേ ഹൂഡി ധരിച്ച റിയ അഹീർ എന്ന യുവതിയാണ് പോലീസ് വാഹനം തടഞ്ഞുനിർത്തിയത്. വിദ്യാർഥി പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുവന്ന റിയ, പോലീസിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചു.
“പോലീസ് അവരുടെ ജോലി ചെയ്യുന്നുണ്ടെങ്കിലും, അത് ഉത്തരവാദിത്തത്തോടെയല്ല ചെയ്യുന്നത്. അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ പൗരന്മാരായ നമ്മൾ അത് ഏറ്റെടുക്കേണ്ടി വരും. ഡൽഹിയിൽ വിദ്യാർത്ഥികളോട് പൊലീസ് ചെയ്തത് തെറ്റാണ്, അതിന് അവർ മറുപടി പറഞ്ഞേ തീരൂ എന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു.
താനൊരു വിദ്യാർഥിയോ, കർഷകന്റെ മകളോ, ദളിത് ഒബിസി വിഭാഗത്തിൽപ്പെട്ടയാളോ അല്ലെന്നും, എന്നാൽ ഡൽഹിയിലെ വിദ്യാർഥികൾക്കുണ്ടായ അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടത് സ്വന്തം കടമയാണെന്നും റിയ കൂട്ടിച്ചേർത്തു. പാർലമെന്റിലേക്ക് മാർച്ച് നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രക്ഷോഭ സ്ഥലത്തെത്തി വിദ്യാർഥികളെ കണ്ടില്ലെന്നും യുവതി ചോദ്യമുന്നയിച്ചു.
നടിയും മോഡലും സംരംഭകയുമായ റിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ‘ദിൽബര’ ഉൾപ്പെടെയുള്ള പ്രശസ്ത മ്യൂസിക് വീഡിയോകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ശിവാജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേനാ ഭവൻ തുടങ്ങിയ പ്രധാന ഇടങ്ങളിലാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
