തന്റെ ജീവിതയാത്രയുടെ അവസാനകാലത്ത് മനോഹരമായ ഒരു സ്വപ്നം യാഥാർഥ്യമാക്കിയ സന്തോഷത്തിലാണ് എൺപത്തിനാലുവയസുകാരി. ആദ്യമായി വിമാനയാത്ര ചെയ്ത് പേരക്കുട്ടിയുടെ കൂടെ ആകാശവിസ്മയം ആസ്വദിച്ച ഒരു മുത്തശ്ശിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അർണബ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വൈകാരിക നിമിഷങ്ങൾ പങ്കുവെച്ചത്. തന്റെ 84-ാം വയസിലാണ് മുത്തശ്ശി ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറുന്നത്. മകൻ, പൈലറ്റ്, കലാകാരൻ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തുന്ന അർണബാണ് ഈ സ്വപ്നയാത്രയ്ക്ക് വഴിയൊരുക്കിയത്.
എന്റെ സ്വപ്നം യാഥാർഥ്യമാകാൻ 22 വർഷമെടുത്തു, പക്ഷേ അവരുടെ ആദ്യ വിമാനയാത്രയ്ക്ക് 84 വർഷമെടുത്തു” എന്ന വരികളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.വീഡിയോയിലെ നിമിഷങ്ങൾ വളരെ വൈകാരികവും ഹൃദയസ്പർശിയുമാണെന്ന് പലരും കുറിച്ചു.
എയർപോർട്ടിലൂടെയും വിമാനത്തിനുള്ളിലേക്കും കൗതുകത്തോടെ നടക്കുന്ന മുത്തശ്ശിയെ ദൃശ്യങ്ങളിൽ കാണാം.യാതൊരു പരിഭ്രമവുമില്ലാതെ, കൂളായി മഖാന കഴിച്ച് ജനാലയിലൂടെ മേഘക്കാഴ്ചകൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. യാത്രയ്ക്ക് ശേഷം വിമാനത്തിന് മുന്നിൽ നിന്നും പേരക്കുട്ടിക്കൊപ്പം സെൽഫിയെടുക്കുന്ന സന്തോഷനിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുന്നു.
