ഓർഡർ ചെയ്താൽ എന്തും ഞൊടിയിടയിൽ ലഭിക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. 2010-ൽ ഓർഡർ ചെയ്ത സാധനം 2026ൽ കൈയിൽ കിട്ടിയാൽ എന്താകും അവസ്ഥ? തമാശയാണെന്ന് ധരിക്കേണ്ട. നടന്ന സംഭവമാണ്. ലിബിയയിലെ ഒരു കട ഉടമയ്ക്കാണ് വിചിത്രമായ അനുഭവം ഉണ്ടായത്.
2011-ലെ ആഭ്യന്തര യുദ്ധാനന്തരം അദ്ദേഹം അന്ന് ഓർഡർ ചെയ്ത ഫോണുകൾ ഡെലിവെറി ചെയ്യാൻ സാധിക്കാതെ വെയർ ഹൗസിൽ കെട്ടിക്കിടക്കുകയായിരുന്നു. 16 വർഷങ്ങൾക്ക് മുൻപ് വിപണി ഭരിച്ച നോക്കിയ ഫോണുകളായിരുന്നു കടക്കാരൻ ഓർഡർ ചെയ്തത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം ടച്ച് സ്ക്രീനുകളുടെ വരവോടെ കീപാഡ് ഫോണുകൾ അന്യം നിന്നുപോയി. നോക്കിയ പോലും ആ മോഡൽ ഫോണുകൾ വിപണിയിൽ ഇറക്കാതെ ആയി. ആ അവസരത്തിലാണ് 16 വർഷങ്ങൾക്കിപ്പുറം കടക്കാരന് നോക്കിയ ഫോണുകൾ കൈയിൽ കിട്ടിയത്.
കടയുടമ ബോക്സുകൾ തുറന്ന് മൊബൈൽ ഫോണുകൾ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സാധനങ്ങൾ അപ്രതീക്ഷിതമായി കൈയിൽ എത്തിയപ്പോൾ വലിയ സന്തോഷത്തോടെയാണ് അദ്ദേഹം അത് തുറക്കുന്നത്. ഇത് ഫോണുകളോ അതോ ചരിത്രപരമായ വസ്തുക്കളോയെന്ന് ചെറു ചിരിയോടെ അദ്ദേഹം ബോക്സ് തുറന്നുകൊണ്ട് ചോദിക്കുന്നുണ്ട്.
