സഹജീവികളോട് കരുണയുള്ളവരായിരിക്കണമെന്ന് ചെറിയ ക്ലാസ് മുതൽ നമ്മൾ പഠിച്ചുവന്ന പാഠമാണ്. വളർന്ന് കഴിഞ്ഞാൽ സ്വന്തം ചോര പോലും അന്യമാകുന്ന ആളുകളായി മാറിയിരിക്കുകയാണ് മനുഷ്യർ. ഈ കാലത്തും നൻമ കൈവിടാത്ത് കുറേയധികം ആളുകൾ നമുക്ക് ചുറ്റുമുണ്ട്.
ഇത് തെളിയിക്കുന്ന വാർത്തായാണ് ഇപ്പോൾ വൈറലാകുന്നത്. ജനിത് എന്ന നാലാം ക്ലാസുകാരൻ വഴിയരികിൽ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് എത്തുകയും ചികിത്സിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു.ഈ കാഴ്ച ഡോക്ടർ അപ്പോൾത്തന്നെ ഫോണിൽ പകർത്തുകയും വീഡിയോ സ്കൂൾ അധികൃതർക്ക് അയച്ച് കൊടുക്കുകയും ചെയ്തു.
പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റേയും കരുണയുടെയും വലിയ പാഠങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ് കുറിച്ചുകൊണ്ട് ഈ ചിത്രം വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചു.
വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്…
ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ… ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല, ഈ വാർത്തയറിഞ്ഞ ഓരോ മലയാളിയുടെയും ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. കണ്ണൂർ ഇരിക്കൂർ ഉപജില്ലയിലെ ശാരദ വിലാസം എ യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ പ്രിയപ്പെട്ട ജനിത്ത്, വഴിയരികിൽ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.
ഉപേക്ഷിച്ചു പോകാൻ ആ കുഞ്ഞുമനസിന് കഴിഞ്ഞില്ല. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാർഥ വിജയം. പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റേയും കരുണയുടെയും വലിയ പാഠങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവജാലങ്ങളോടുള്ള ഈ സഹാനുഭൂതിയും കരുതലും ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ വിരിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
ഈ നന്മ തിരിച്ചറിഞ്ഞ് ആ ഹൃദയസ്പർശിയായ നിമിഷം കാമറയിൽ പകർത്തി സ്കൂൾ അധികൃതരെ അറിയിച്ച ഡോക്ടർക്കും, ഈ മൂല്യങ്ങൾ പകർന്നു നൽകുന്ന ശാരദ വിലാസം എ യു പി സ്കൂളിലെ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ. പ്രിയ ജനിത്തിന് ഹൃദയം നിറഞ്ഞ സ്നേഹാഭിനന്ദനങ്ങൾ. മോനെയോർത്ത് ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്. നന്മയും സഹാനുഭൂതിയുമുള്ള ഒരു തലമുറ ഇവിടെ പഠിച്ചു വളരുന്നു എന്നതിൽ നമുക്കേവർക്കും സന്തോഷിക്കാം.