വ്യാജവാർത്ത നൽകിയാൽ പണികിട്ടും…! മാധ്യമ പ്രവർത്തകരുടെ അംഗീകാരം റദ്ദാക്കാൻ നീക്കം; . മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലിയിൽ ഭേദഗതി

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നീക്കം. മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ നിയമാവലി വാർത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു.

മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയർന്നാലാണ് സർക്കാർ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടൻ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ എന്നിവർക്ക് പരാതി സർക്കാർ കൈമാറി ഉപദേശം തേടും.15 ദിവസത്തിനുള്ളിൽ പരാതി പരിശാധിച്ച് വാർത്തകൾ വ്യാജമാണോ അല്ലയോ എന്ന് ഈ രണ്ട് ഏജൻസികൾ തീരുമാനമെടുക്കും.

ഏജൻസികളുടെ റിപ്പോർട്ടിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവർത്തകർക്കെതിരേ പിന്നീടൊരിക്കൽ പരാതി ലഭിച്ചാൽ ഒരു വർഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വാർത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts