ഈ മാപ്പു പറച്ചില്‍ ഒരു പരിഹാരമല്ല! മുറിവുണക്കലിന്റെ ഭാഗം മാത്രമാണിത്; മീടു ആരോപണത്തില്‍ അലന്‍സിയറിന്റെ മാപ്പ് പറച്ചിലിനെക്കുറിച്ച് പ്രതികരണവുമായി സിനിമയിലെ വനിതാ സംഘടന

നടി ദിവ്യ ഗോപിനാഥ് നടത്തിയ മീടു ആരോപണത്തില്‍ നടന്‍ അലന്‍സിയര്‍ ലോപ്പസ് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തെറ്റാണ് ചെയ്തതെന്നും തന്റെ ജീവിതം ഒരു വഴിത്തിരിവിലേയ്ക്കാണ് ഇനിയെന്നും അലന്‍സിയര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അലന്‍സിയറിന്റെ മാപ്പ് പറച്ചിലിനെക്കുറിച്ച് പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രംഗത്തെത്തിയിരിക്കുന്നു.

സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഘടന വ്യക്തമാക്കി.

ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം …

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവര്‍ത്തക ദിവ്യ ഗോപിനാഥിനോട് നടന്‍ അലന്‍സിയര്‍ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയില്‍ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാല്‍ നടന്‍ അലന്‍സിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങള്‍ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണ് . ഈ മാപ്പു പറച്ചില്‍ ഭാവിയില്‍ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

Related posts