‘ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്;നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ലുസിസി

കോഴിക്കോട്: സീരിയല്‍ സംവിധായകനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ നടി നിഷാ സാരംഗിന് പിന്തുണയുമായി സിനിമാരംഗത്തെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി). സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് നിഷയെ പിന്തുണയ്ക്കുന്ന പോസ്റ്റിട്ടത്.ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ, സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും നടിക്കൊപ്പം തങ്ങളുണ്ടെന്നും ഡബ്ല്യു.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ്.’ ഡബ്ല്യുസിസി പറഞ്ഞു.കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എതെങ്കിലും വിധത്തില്‍ ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ തന്നെ അക്കാര്യത്തില്‍ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നു വരുന്നതും ഉയര്‍ത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് തങ്ങള്‍ ഇതിനെ കാണുന്നത്.

നീതി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസിനോടോ മറ്റ് നീതി നിര്‍വ്വഹണ സംവിധാനങ്ങളോടോ ലക്ഷങ്ങള്‍ അംഗത്വ ഫീസായി കൈപറ്റി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു പോരുന്ന ചലച്ചിത്ര രംഗത്തെ വന്‍ സംഘടനകളോടോ ചോദിക്കാത്ത ചോദ്യം, ഒരു വര്‍ഷം മാത്രം പ്രായമുള്ള, ഏതാനും സ്ത്രീകള്‍ മാത്രമുള്ള ഡബ്ല്യു.സി.സി.യോട് ചോദിക്കുന്നതിന് പിറകില്‍ നിഷ്‌ക്കളങ്കമായ താല്‍പര്യമാണുള്ളത് എന്ന് ഞങ്ങള്‍ കരുതുന്നില്ല. അതിന് പിന്നില്‍ തീര്‍ത്തും സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ടെന്നും ഡ്ബ്ല്യുസിസി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു

തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ടെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കും ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കും തങ്ങള്‍ക്കും ഉണ്ടെന്നും ഡബ്ല്യു.സി.സി. കൂട്ടിച്ചേര്‍ത്തു.

Related posts