വാട്‌സാപ്പ് ഇന്ത്യയില്‍ ഓര്‍മയായേക്കും, രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കമ്പനി, വ്യാജവാര്‍ത്തകള്‍ തടയാനുള്ള നീക്കത്തില്‍ കൂടുതല്‍ പങ്കുവഹിക്കാനാകില്ലെന്ന് വാട്‌സാപ്പ്, നീക്കങ്ങള്‍ ഇങ്ങനെ

ലോകത്തെ ഏറ്റവും പ്രശസ്തമായ മെസേജിങ് സേവനമായ വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുണ്ടെങ്കിലും വാട്‌സാപ്പിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്.

എന്നാല്‍ വാട്‌സാപ്പ് ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ വാട്‌സാപ്പിന്റെ നിലനില്‍പ്പിനെ നേരിട്ടു ബാധിക്കുമെന്നും അതുകൊണ്ട് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകര്യമല്ല. പക്ഷേ, ഒരു നിബന്ധന അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ല. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് (Carl Woog) പറയുന്നത്.

വാട്‌സാപ്പിന് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചര്‍ ഇല്ലെങ്കില്‍ വാട്‌സാപ് പൂര്‍ണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു.

എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വ്യാജവാര്‍ത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സര്‍ക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി വാട്‌സാപ് പോലെയുള്ള ഓരോ സര്‍വീസ് പ്രൊവൈഡറും വാര്‍ത്ത ആദ്യം നല്‍കിയ ആളെ ചൂണ്ടിക്കാണിക്കേണ്ടിവരും.

ഇന്ത്യയില്‍ നടന്ന പല ജനക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്‌സാപ് ആണെന്നു സര്‍ക്കാരും ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നതെന്തിനെന്ന് കമ്പനിയും പ്രതികരിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്‌സാപ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ ഒരു മേധാവിയെയും വച്ചിരുന്നു.

തങ്ങള്‍ മാസാമാസം ഏകദേശം 20 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാന്‍ ചെയ്യുന്നു. അവയില്‍ 20 ശതമാനം, അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബാന്‍ ചെയ്യുന്നു. ആളുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെ തന്നെ 70 ശതമാനത്തോളം സ്പാം അക്കൗണ്ടുകളും തങ്ങള്‍ നേരിട്ടു പൂട്ടിക്കുന്നുവെന്നാണ് വാട്‌സാപ് അധികാരികള്‍ പറയുന്നത്.

സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന നിയമം വല്ലാത്തൊരു കടന്നുകയറ്റമാണ്. കൂടാതെ അത് ലോകവ്യാപകമായി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന സ്വകാര്യതയുടെ ലംഘനവുമാണെന്നും വൂഗ് പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വൂഗ്.

Related posts