പരവൂർ: ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിൽ ഇനി മുതൽ മൊബൈൽ റീച്ചാർജ് സേവനവും ലഭ്യമാകും.പ്രീപെയ്ഡ് വരിക്കാർക്ക് ആപ്പിനുള്ളിൽ നിന്ന് തന്നെ പ്ലാനുകൾ തെരഞ്ഞെടുക്കാനും പണമടയ്ക്കാനുമുള്ള സൗകര്യമാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഫിൻടെക് പ്ലാറ്റ്ഫോമായ പേ യുവുമായി (പേ യു) സഹകരിച്ചാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ജിയോ, എയർടെൽ, വിഐ എന്നിവയുടെ വരിക്കാർക്ക് ഈ സേവനം ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് സ്വന്തം നമ്പരോ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ നമ്പരകളോ വാട്സാപ്പിലൂടെ തന്നെ റീച്ചാർജ് ചെയ്യാം. പേയ്മെന്റ് വിഭാഗം വേഗത്തിൽ കണ്ടെത്തുന്നതിനായി ആപ്പിന്റെ ഹോം സ്ക്രീനിൽ പ്രത്യേക രൂപ (₹) ഐക്കണും വാട്സാപ്പ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ റീച്ചാർജ് പോലുള്ള ദൈനംദിന ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ മറ്റ് ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കി വാട്സാപ്പിൽ തന്നെ എല്ലാം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മെറ്റ ഇന്ത്യ അധികൃതർ പറഞ്ഞു. എംബഡഡ് പേയ്മെന്റ് സംവിധാനത്തിലൂടെ ഇടപാടുകൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് പേ യു അധികൃതരും വ്യക്തമാക്കി.
റീച്ചാർജ് ചെയ്യേണ്ട വിധം: വാട്സാപ്പ് തുറന്ന് ഹോം സ്ക്രീനിലെ ₹ ഐക്കണിൽ ടാപ്പ് ചെയ്യുക.
മൊബൈൽ പ്രീപെയ്ഡ് റീച്ചാർജ്’ ഓപ്ഷൻ തിരഞ്ഞെടുക്കുക. റീച്ചാർജ് ചെയ്യേണ്ട നമ്പർ നൽകി ഓപ്പറേറ്ററെ സ്ഥിരീകരിക്കുക.ലഭ്യമായ പ്ലാനുകളിൽ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കുക.യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം.
ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഘട്ടം ഘട്ടമായി ഈ സേവനം ഉടൻ ലഭ്യമായിത്തുടങ്ങും.
