സാര്‍ ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോ? അധ്യാപകന്‍റെ മറവിക്ക് വിദ്യാര്‍ഥിയുടെ ഒറ്റ ചോദ്യം; വൈറലായ് സ്‌ക്രീന്‍ഷോട്ട്

സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ബുക്ക് എടുക്കാനും ഹോം വര്‍ക്ക് ചെയ്യാനും ഒരിക്കല്‍ പോലും മറക്കാത്തവരായി ആരുംതന്നെ കാണില്ല. ഇനി അക്കാര്യം അധ്യാപകന്‍ ചോദിച്ച് കഴിഞ്ഞാല്‍ ആദ്യം പറയുന്ന ഉത്തരം മറന്നു പോയി സാറേ എന്നായിരിക്കും.

ഇങ്ങനെ മറന്നുപോയെന്ന് പറയുന്നതിന്‍റെ തൊട്ടടുത്ത നിമിഷം സാര്‍ തിരിച്ചൊരു ചോദ്യം ചോദിക്കും. നീ ഇന്ന് ഭക്ഷണം കഴിക്കാന്‍ മറന്നോ എന്ന്. നമ്മളില്‍ പലരും ആ ചോദ്യത്തിന് ഉത്തരം നല്‍കാത്തവരാണ്. എന്താണ് അതിന് മറുപടി നല്‍കേണ്ടതെന്ന് അറിയാത്തവരുമാണ്.

എന്നാല്‍ അതൊക്കെ പഴയ കഥ. ഇന്നത്തെ കാലത്തെ കുട്ടികളുടെ കൈയില്‍ അതിനുള്ള ഉത്തരമൊക്കെയുണ്ട്.

ട്വിറ്ററില്‍ ആഷിഷ് സിംഗ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പങ്ക് വെച്ചിരിക്കുന്ന ഒരു വാട്ട്സ് ആപ്പ് ചാറ്റിന്‍റെ സക്രീൻ ഷോട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ നിമിഷത്തിന് വേണ്ടി തന്‍റെ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുകയായിരുന്നെന്ന കുറിപ്പോടെയാണ് അയാള്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.

ഒരു വിദ്യാര്‍ഥിയും അധ്യാപകനും തമ്മിലുള്ള സംഭാഷണമാണ് ആ സ്‌ക്രീന്‍ ഷോട്ടിൽ. വിദ്യാര്‍ഥി അധ്യാപകനോട് ഇന്നലെ പിഡിഎഫ് അയക്കാമെന്ന് സാര്‍ പറഞ്ഞിരുന്നല്ലോയെന്ന് ചോദിച്ചു. അപ്പോള്‍ അധ്യാപകന്‍ താന്‍ അത് മറന്നെന്നും ഇപ്പോള്‍ അയക്കാമെന്നും പറയുന്നു.

ഇതിനു പിന്നാലെയാണ് സാര്‍ ഭക്ഷണം കഴിക്കാന്‍ മറന്നില്ലല്ലോ എന്ന ചോദ്യവും എത്തിയത്. ഈ സ്‌ക്രീന്‍ ഷോട്ട് ഇതിനോടകം തന്നെ നിരവധിപേര്‍ ഏറ്റെടുത്തു.

എന്നാല്‍ വിദ്യാര്‍ഥിയുടെ ഈ ചോദ്യത്തെ അനുകൂലിച്ചുകൊണ്ടാണ് ഭൂരിഭാഗവും കമന്‍റിട്ടത്. ചിലപ്പോള്‍ അവരൊക്കെ ജീവിതത്തില്‍ തങ്ങളുടെ അധ്യാപകരില്‍ നിന്ന് ഈ ചോദ്യംകേട്ട് ഒരിക്കലെങ്കിലും മിണ്ടാതെ നിന്നിട്ടുള്ളവരാകാം.

Related posts

Leave a Comment