അന്ന് സൂപ്പര്‍സ്റ്റാറിലൂടെ ഏവരെയും ഞെട്ടിച്ചു, പിന്നീട് കാണാമറയത്ത്, ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും ഇനി മോഹന്‍ലാലിന്റെ അപരനാകാനില്ല’ കാല്‍ നൂറ്റാണ്ടിന് ശേഷം ലാലിന്റെ ഡ്യൂപ്പ് മദന്‍ലാല്‍ മനസു തുറക്കുന്നു

ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ മദന്‍ ലാലിനെ? തൊണ്ണൂറുകളില്‍ മോഹന്‍ലാല്‍ച്ചിത്രങ്ങളുടെ സുവര്‍ണ്ണകാലത്ത് ഒരൊറ്റച്ചിത്രത്തിലൂടെ ലാലിന്റെ അപരനായെത്തിയ കുട്ടനാട്ടുകാരനായ മദന്‍ലാലിനെ? മോഹന്‍ലാലുമായുള്ള അതിശയകരമായ രൂപസാദൃശ്യത്തിലൂടെ ഏതാണ്ട് രണ്ടാഴ്ച്ചക്കാലത്തെ ഭസൂപ്പര്‍സ്റ്റാറാ’യി വാണ് അടുത്തനാളുകളില്‍ തന്നെ ആരോരുമറിയാതെ വിസ്മരിക്കപ്പെട്ടുപോയ ആ കാലാകരന്‍ ഇന്നെവിടെയാണ്?

തൊണ്ണൂറുകളിലെ മോഹന്‍ലാലിനെ രൂപത്തിലും ഭാവത്തിലും ഇപ്പോഴും അനുസ്മരിപ്പിക്കുന്നുണ്ട് മദന്‍ലാല്‍. പക്ഷേ അങ്ങനെയൊരു വേഷത്തില്‍ ഇനി പ്രത്യക്കപ്പെടാനില്ലെന്ന് അയാള്‍ തറപ്പിച്ചു പറയുന്നു. അങ്ങനെ പറഞ്ഞ് കൈതൊഴുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? മോഹന്‍ലിന്റെ അപരനായി അഭിനയിച്ചതിന് ആവശ്യത്തിലധികം കുരിശു ചുമന്നിരിക്കുന്നു, ഇനി വേണ്ടെന്നാണോ?

“ ഇല്ല. ഇനി അങ്ങനെയൊരു വേഷത്തിലേക്ക് ഇനി അഭിനയിക്കാനില്ല. ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കാനില്ല. അടുത്തിടെ ഗള്‍ഫില്‍ ഒരു ഷോയ്ക്ക് ലാലിന്റെ വേഷത്തില്‍ വരാമോ എന്ന് ചോദിച്ചു. പറഞ്ഞ പണം തരാമെന്നും പറഞ്ഞു. എന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു. മോഹന്‍ലാല്‍ വലിയ നടനാണ്. ഞാന്‍ വെറും മദന്‍ലാല്‍ മാത്രമാണ് ,മദന്‍ലാല്‍. എന്നെ വിട്ടേക്കൂ. പ്ലീസ്.” അതൊരു അപേക്ഷയായിരുന്നു. 1990ലാണ് സംവിധായകന്‍ വിനയന്റെ ആദ്യ ചിത്രം സൂപ്പര്‍സ്റ്റാര്‍ തീയറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും പ്രധാന ആകര്‍ഷണം സൂപ്പര്‍സ്റ്റാറിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലും സിനിമയ്ക്ക് പുറത്തും അയാള്‍ ആവശ്യത്തിലധികമായി കല്ലേറും പൂച്ചെണ്ടും ഏറ്റുവാങ്ങി. സ്വപ്നങ്ങളുടെ കച്ചവടം നടത്തുന്ന മലയാള സിനിമയില്‍ നിന്ന് പിന്നീട് അയാള്‍ക്ക് എല്ലാ സ്വപ്നങ്ങളും കൂട്ടിപ്പിടിച്ച് വേഗംതന്നെ പുറത്തിറങ്ങേണ്ടി വന്നു.

“ആരോടും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. എന്നെ സിനിമയില്‍ എത്തിച്ച വിനയേട്ടനോട് പോലും പിന്നീട് അവസരം ചോദിച്ചിച്ചിട്ടില്ല. വിളിക്കുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ടാണ്. സൂപ്പര്‍ സ്റ്റാര്‍ ഇറങ്ങി 27 വര്‍ഷം കഴിഞ്ഞ് അടുത്തിടെയാണ് വിനയേട്ടനെപ്പോലും വിളിച്ചത്. നീ മാത്രമേ ഇതുവരേയും എന്നെ വിളിക്കാതേയുള്ളൂ, എന്തുകൊണ്ട് ഇതുവരെയും വിളിച്ചില്ല എന്ന് വിനയേട്ടന്‍ ചോദിച്ചു. വിളിച്ചില്ല. അത്ര തന്നെ- മദന്‍ലാല്‍ പറയുന്നു.

Related posts