ചിന്നമ്മയുടെ വീഴ്ച്ചയില്‍ ദീര്‍ഘകാല നേട്ടം സ്റ്റാലിനും ബിജെപിക്കും, മോദിയുടെ ലക്ഷ്യം തമിഴ്‌നാട്ടില്‍ താമര വിരിക്കുക, തമിഴ് രാഷ്ട്രീയം ഇനി തിരിയുന്നതിങ്ങനെ

m-2ആരാകും അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി? ജയലളിത മരണപ്പെട്ട നാള്‍ മുതല്‍ ഉയര്‍ന്ന ഈ ചോദ്യത്തിന് ശശികല ഉത്തരമാവുമെന്ന് ഭൂരിഭാഗം ആളുകളും പ്രതീക്ഷിച്ചു. എന്നാല്‍ അമ്മയെ ഇരുമ്പഴിയെണ്ണിച്ച അനധികൃത സ്വത്തു സമ്പാദനക്കേസ് ചിന്നമ്മയ്ക്ക് ഊരാക്കുടുക്കായി. കൈയ്യെത്തും ദൂരത്തിരുന്ന മുഖ്യമന്ത്രിപദം എന്നന്നേക്കുമായി അകന്നു പോയത് ശശികലയെന്ന ചിന്നമ്മയ്ക്ക് ഒരുപക്ഷെ വലിയ മാനസികാഘാതം സൃഷ്ടിച്ചേക്കാം. എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചതും ഗുണ്ടകളെ കാവല്‍ നിര്‍ത്തിയതുമെല്ലാം വൃഥാവിലാക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം.

പ്രതിപക്ഷമായ ഡിഎംകെയ്ക്കും ഈ വിധി പ്രതീക്ഷ നല്‍കുന്നതാണ്. അമ്മ എഫക്റ്റില്‍ മാത്രം ഈ തിരഞ്ഞെടുപ്പ് ജയിച്ചു കയറിയ അണ്ണാഡിഎംകെയില്‍ പിളര്‍പ്പുണ്ടായാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഡിഎംകെയുടെ പുതിയ നേതാവ് സ്റ്റാലിനായിരിക്കും. മുഖ്യമന്ത്രി പദത്തിലേക്കുള്ള സ്റ്റാലിന്റെ വഴികള്‍ ഈ തമ്മിലടികള്‍ സുഗമമാക്കുമെന്ന് കരുതാം. ശശികല, പനീര്‍ശെല്‍വം, സ്റ്റാലിന്‍ എന്നിവരെ മറികടന്ന് പളനിസ്വാമി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാവുമോയെന്നാണ് ഇനി അറിയേണ്ടത്. പനീര്‍ശെല്‍വത്തെ പിന്തുണച്ചിരുന്ന കേന്ദ്ര സര്‍ക്കാരിന് ആശ്വസമാകുന്നതാണ് നിലവിലെ സ്ഥിതിഗതികള്‍. ശശികലയുടെ മുഖ്യമന്ത്രി പദമേറ്റെടുക്കല്‍ നീട്ടിവച്ച ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനും ഇനി തന്റെ ഭാഗം ന്യായീകരിക്കാം. ശശികലയ്‌ക്കെതിരായ വിധിയില്‍ കമല്‍ഹാസനും ഗൗതമിയുമുള്‍പ്പെടെയുള്ള സിനിമാതാരങ്ങള്‍ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

ജയയുടെ മരണവും ഇപ്പോള്‍ ശശികലയുടെ വീഴ്ച്ചയും നേട്ടമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മൃതഭാഷിയായ പനീര്‍ശെല്‍വത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പിന്തുണച്ചതു തന്നെ ഇക്കാരണത്താലാണ്. ദ്രാവിഡ രാഷ്ട്രീയമാണ് തമിഴകത്തിന്റെ മുഖമുദ്ര. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ കാര്യമായി വേരുറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഡിഎംകെ- എഡിഎംകെ പാര്‍ട്ടികളിലൊന്ന് ക്ഷയിച്ചാല്‍ അതിന്റെ ഗുണമേറെ ലഭിക്കുക ദേശീയ കക്ഷികള്‍ക്കാണ്. ഇപ്പോഴത്തെ അവസരത്തില്‍ മുതലെടുക്കാനുള്ള ശേഷിയോ ആള്‍ബലമോ കോണ്‍ഗ്രസിനില്ല. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് മികച്ച അവസരമാണ് മുന്നിലുള്ളത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന് ബിജെപിക്ക് വ്യക്തമായറിയാം. അതിനാലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ തയാറാകുന്നതും. പനീര്‍ശെല്‍വം ക്യാമ്പിനെ കൂട്ടുപിടിച്ച് തമിഴ്‌നാട്ടില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങളാണ് ബിജെപി നടപ്പിലാക്കുന്നത്.

അതേസമയം, ശശികലയ്ക്ക് ഇനിയൊരു മുഖ്യമന്ത്രി പദം ഏറെക്കുറെ അപ്രാപ്യമാണ്. കാരണം മൂന്നരവര്‍ഷം കഴിഞ്ഞ ശശികല തിരിച്ചുവരുമ്പോഴേക്കും ഇക്കാലളവില്‍ പാര്‍ട്ടിയെ നയിക്കുന്നവര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ അവകാശവാദമുന്നയിക്കുമെന്നത് സ്വഭാവികം. ഇനി ശശികലയ്ക്കു മുമ്പിലുള്ളത് പുനപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയുമാണ് എന്നാല്‍ ഇവ ശശികലയ്ക്ക് അനുകൂലമാവാന്‍ വിദൂര സാധ്യതയേയുള്ളൂ. ചിന്നമ്മ ജയിലില്‍ പോയാലും പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കില്ലെന്ന നിലപാടിലാണ് എഐഎഡിഎംകെയിലെ ശശികലാ പക്ഷം.

Related posts