പഠിക്കാനാണ് എനിക്കിഷ്ടം! സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥിനി പോലീസ് സ്‌റ്റേഷനില്‍; ബാല്യവിവാഹത്തിനെതിരേ 16 കാരിയുടെ പോരാട്ടത്തിന്റെ കഥ

Wedding

മലപ്പുറം: ബാല്യവിവാഹത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി സ്കൂള്‍ യൂണിഫോമില്‍ മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പോലീസ് സഹായം തേടിയ 16 കാരിയുടെ യഥാര്‍ഥ ജീവിത കഥ ജില്ലയിലെ സ്കൂളുകളിലേക്ക്. ’പഠിക്കാനാണ് എനിക്കിഷ്ടം തത്ക്കാലം എനിക്ക് കല്യാണം വേണ്ട’ എന്ന അഭ്യര്‍ഥനയുമായി നിയമ സംരക്ഷണം തേടാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ കഥയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഹ്രസ്വചിത്രമാക്കി അരങ്ങിലെത്തിക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും 18 മിനുട്ട് ദൈര്‍ഘ്യമുള്ള ’പതിനെട്ട്’ എന്ന പേരിലുള്ള ചിത്രം പ്രദര്‍ശിപ്പിക്കും.

എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മുഴുവനായി ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ചിത്രത്തിന്‍റെ പ്രകാശനം കുടംബശ്രീ ഹാളില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഏറ്റുവാങ്ങി. പ്രദര്‍ശനോദ്ഘാടനം പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. പരിപാടിയോടനുബന്ധിച്ച് നടന്ന ’ബാല്യ വിവാഹവും പെണ്‍കുട്ടികളുടെ അവകാശങ്ങളും’ സെമിനാറില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ മുഹമ്മദ് ഫസല്‍ ക്ലാസെടുത്തു.

Related posts