15 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ നാടുവിട്ടു ! എന്തു ചെയ്യണമെന്നറിയാതെ ഭര്‍ത്താവ്; ഭാര്യയെ കണ്ടു പിടിക്കണമെന്ന ആവശ്യവുമായി യുവാവ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍

പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള മകളെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍. സ്വന്തം അമ്മയ്‌ക്കൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനായി ഭാര്യയെ കണ്ടു പിടിച്ചു തരണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിന് കിട്ടിയതാവട്ടെ ആട്ടും തുപ്പും. പോലീസിന്റെ ആട്ടും തുപ്പും. ഇപ്പോള്‍ പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലാക്കി ഭാര്യക്കായി കാത്തിരിക്കുകയാണ് യുവാവ്. ചേര്‍ത്തലയാണ് സംഭവം.

അതിനിടെ മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു. അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമാകണമെന്നാണ് കമ്മീഷന്റെ ആവശ്യം.

ആലപ്പുഴ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷ കുഞ്ഞിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. കേസ് ചേര്‍ത്തല സിറ്റിംഗില്‍ പരിഗണിക്കും. ചേര്‍ത്തല വാരനാട് കണ്ണന്തറ വീട്ടില്‍ അര്‍ജുന്‍ ബൈജു നല്‍കിയ പരാതിയിലാണ് നടപടി. ഇതര സംസ്ഥാനക്കാരിയായ നുസ്ര ഫാത്തിമയെയാണ് അര്‍ജുന്‍ സ്പഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചത്. ഇരുവരും സ്നേഹ വാല്‍സല്യങ്ങളോടെയാണ് കഴിഞ്ഞു വന്നിരുന്നത്.

ഇവര്‍ക്ക് 2019 മേയ് 10 ന് ഒരു പെണ്‍കുഞ്ഞിന് ജനിച്ചതോടെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞു. മഞ്ഞ പിത്തത്തോടെയായിരുന്നു കുഞ്ഞിന്റെ ജനനം. ഹോര്‍മോണ്‍ ഏറ്റകുറച്ചിലും ഗുരുതരമായ വിറ്റാമിന്‍ കുറവും അനുഭവപ്പെട്ടിരുന്നു. മേയ് 25 ന് ഇവരുടെ വീട്ടിലെത്തിയ നുസ്റയുടെ അമ്മ നോമ്പ് തുറക്കാനെന്ന പേരില്‍ നുസ്രയെ വീടിന് പുറത്തെത്തിച്ചു. ചേര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കൊണ്ടു പോയി നോമ്പ് തുറക്കാം എന്നായിരുന്നു അമ്മയുടെ വാഗ്ദാനം. വൈകിട്ട് ആറേകാലോടെ വീട്ടില്‍ നിന്നും പോയ ഭാര്യയും അമ്മയും രാത്രി വൈകിയിട്ടും മടങ്ങി വന്നില്ല. പള്ളിയില്‍ പോയി കാണുമെന്ന് അര്‍ജൂന്‍ കരുതി. ഭാര്യ മടങ്ങി വരാത്തതിനെ തുടര്‍ന്ന് രാത്രി 10 ന് അര്‍ജുന്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മുലപ്പാല്‍ ലഭിക്കാതെ കുഞ്ഞ് നിര്‍ത്താതെ നിലവിളിച്ചു .

ഭാര്യ മടങ്ങി വരാത്തതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ അമ്മയ്ക്കൊപ്പം കടന്ന വിവരം അര്‍ജുന്‍ മനസിലാക്കിയത്. എന്നാല്‍ ഭാര്യ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി അര്‍ജുന്‍ വിശ്വസിക്കുന്നില്ല. വീട്ടില്‍ നിന്നും പോയ മണിക്കൂര്‍ വരെ സ്നേഹത്തോടെയാണ് ഭാര്യ തന്നോടും കുഞ്ഞിനോടും ഇടപെട്ടിരുന്നതെന്ന് അര്‍ജുന്‍ പറയുന്നു. ഭാര്യയുടെ അമ്മ വച്ച മയക്കുവെടിയില്‍ ഭാര്യ വിഴുന്നിരിക്കും എന്നാണ് അര്‍ജുന്‍ കരുതുന്നത്.

എന്നാല്‍ ചേര്‍ത്തല പോലീസിന്റെ വിശദീകരണം മറ്റൊന്നാണ്. അര്‍ജുന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ അന്വേഷണം തുടങ്ങി. അവര്‍ മലയാളിയല്ല. അവരുടെ അമ്മയാണ് കുട്ടിയെ കൊണ്ടു പോയത്. തട്ടി കൊണ്ടുപോകലാണോ എന്ന കാര്യം അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. മറ്റൊരു സംസ്ഥാനത്തുള്ള പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ വേണ്ടത്ര സമയം വേണം. പെണ്‍കുട്ടിയുടെ നാടിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. അന്വേഷണത്തില്‍ ആ വീഴ്ചയുമില്ല.

മുലപ്പാലും അമ്മയുടെ സംരക്ഷണവും ഉള്‍പ്പെടെയുള്ള കുഞ്ഞിന്റെ അവകാശങ്ങള്‍ അടിയന്തിരമായി സംരക്ഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അത് സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചേര്‍ത്തല എക്സ്റേ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അമ്മയെ തിരിച്ചു കിട്ടിയാല്‍ അവര്‍ നടപടി നേരിടേണ്ടി വരും എന്ന കാര്യം ഉറപ്പാണ്.

Related posts