നമിച്ചണ്ണാ ! കാലാവസ്ഥ പ്രവചനത്തില്‍ ഇസ്രോ പാലിക്കുന്ന കൃത്യതയെ പ്രശംസിച്ച് ലോകരാജ്യങ്ങള്‍; ഫോനിയില്‍ നിന്നും ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചെടുത്തത് ഇസ്രോയുടെ കൃത്യമായ പ്രവചനങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തിന്റെ പുത്തന്‍ മാതൃകയായി ഒഡീഷ

ഭുവനേശ്വര്‍: ഇന്ത്യന്‍ തീരങ്ങളില്‍ ദുരന്തം വിതക്കുമായിരുന്ന ഫോനി എന്ന ചുഴലിക്കാറ്റിനെ അതിവിദഗ്ധമായി നേരിട്ട ഇന്ത്യയുടെ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഐഎസ്ആര്‍ഒ എന്ന ഇസ്രോയുടെ അഞ്ചു സാറ്റലൈറ്റുകളില്‍ നിന്നും ഓരോ 15 മിനിറ്റിലും അയച്ച ചിത്രങ്ങളാണ് കൊടുങ്കാറ്റിനെ ഒഴിച്ചുവിടാന്‍ ഇന്ത്യയ്ക്ക് സഹായകമായത്. ഇതുവഴി ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഇസ്രോ രക്ഷിച്ചെടുത്തത്.

ഈ പ്രവചന വിദ്യയുടെ മുമ്പില്‍ സായിപ്പന്മാര്‍ പോലും നമിച്ചു പോവുകയാണ്. മുമ്പ് കാലാവസ്ഥാ പ്രവചനത്തെ പരിഹസിച്ചിരുന്ന മലയാളികള്‍ പോലും ഇപ്പോള്‍ ഇത് അംഗീകരിക്കുന്നുണ്ട്.ഫോനിയുടെ തുടക്കത്തില്‍ തന്നെ ഇസ്രോയുടെ അഞ്ച് ഉപഗ്രഹങ്ങള്‍ ഇതിന്റെ ഓരോ ഗതിവിഗതികളെയും പിന്തുടരുകയും അത് സംബന്ധിച്ച ചിത്രങ്ങള്‍ ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നിരുന്നു.

ഇതിലൂടെ ഇതിനെ പിന്തുടരാനും അടുത്ത നീക്കം എങ്ങോട്ടാണെന്ന് മുന്‍കൂട്ടി പ്രവചിക്കാനും കൃത്യമായി സാധിച്ചതാണ് വന്‍ അപകടത്തെ ഒഴിവാക്കാന്‍ സാധിച്ചിരിക്കുന്നത്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്‌സാറ്റ് 1, ഓഷ്യന്‍സാറ്റ് 2, മെഗാ ട്രോപിക്യൂസ് എന്നീ സാറ്റലൈറ്റുകളില്‍ നിന്നുമുള്ള ഐഎംഡി ഡാറ്റ പ്രകാരം കാറ്റിന്റെ തീവ്രത, സ്ഥാനം,ഫോനിക്ക് ചുറ്റുമുള്ള മേഘാവരണം തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ തത്സമയം മനസിലാക്കുകയും അതിനനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമായിരുന്നു ചെയ്തിരുന്നത്.

കാറ്റിന്റെ 1000 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു മേഘങ്ങള്‍ പൊതിഞ്ഞ് നിന്നിരുന്നത്. ഇതിന് ചുറ്റുമായി മഴ 100 മുതല്‍ 200 വരെ കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു മഴ കാണപ്പെട്ടിരുന്നത്. ഏതാണ്ട് 10,000 അടി ഉയരെ വരെ കാറ്റ് വീശിയടിക്കുകയും ചെയ്തിരുന്നു. ഈ സാറ്റലൈറ്റുകള്‍ ഫോനിയെപ്പോലുള്ള സൈക്ലോണുകളെ കുറിച്ച് കൃത്യമായ പ്രവചനം നടത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് ഐഎംഡി ഡയറക്ടര്‍ ജനറലായ കെജെ രമേഷ് പറയുന്നത്. സൈക്ലോണ്‍ കാരണം എവിടെയെല്ലാമാണ് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഐഎംഡിക്ക് കൃത്യമായി പ്രവചിക്കാന്‍ സാധിച്ചതിനാല്‍ ഒഡീഷ, ആന്ധ്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഇത്തരം പ്രദേശങ്ങളില്‍ നിന്നും 11.5 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് പേരെ മരണത്തില്‍ നിന്നും രക്ഷിക്കാനും നമുക്ക് സാധിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്റെ പുത്തന്‍മാതൃകയാണ് നാം ഒഡീഷയില്‍ കണ്ടത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന ചടങ്ങുതീര്‍ക്കല്‍ അറിയിപ്പല്ല അവിടെ സര്‍ക്കാര്‍ നല്‍കിയത്. 26 ലക്ഷം ഫോണ്‍ സന്ദേശങ്ങള്‍, 43,000 വോളന്റിയര്‍മാര്‍, 1000 അടിയന്തസന്നദ്ധപ്രവര്‍ത്തകര്‍, നിര്‍ത്താതെയുള്ള ടെലിവിഷന്‍ പരസ്യങ്ങളിലൂടെയുള്ള മുന്നറിയിപ്പ്, തീരദേശ സൈറണുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ സമഗ്രമായ മുന്‍കരുതലുകളാണ് ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്നര്‍ഥം.

ആളുകളോട് ഒഴിഞ്ഞു പോവണമെന്ന് ആവശ്യപ്പെട്ടിട്ട് വെറുതെ ഇരിക്കുകയല്ല ഒഡീഷ പോലീസ് ചെയ്തത്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാന്‍ പോലീസും ഉദ്യോഗസ്ഥരും അക്ഷീണ പരിശ്രമം തന്നെയാണ് നടത്തിയത്. ഫോനി ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ എട്ടുലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഫോനി താണ്ഡവമാടാന്‍ തുടങ്ങിയപ്പോഴേക്കും 11 ലക്ഷം ആളുകള്‍ കൂടി ക്യാമ്പുകളില്‍ എത്തി. സായുധ സേനകളും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

11 ജില്ലകളില്‍ നിന്നുള്ളവരെ താമസിപ്പിക്കാന്‍ 880 സുരക്ഷിത കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നത്. 300 രക്ഷാബോട്ടുകളും രണ്ട് ഹെലികോപ്ടറുകളും മുഴുവന്‍ സമയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പ്രകൃതിദുരന്തങ്ങളില്‍ പെടുന്നവരെ താമസിപ്പിക്കാനുള്ള കെട്ടിടങ്ങളും മുമ്പേതന്നെ തയ്യാറായിരുന്നു. അങ്ങനെ മുന്‍കരുതലിന്റെ അവസാന വാക്കാവുകയാണ് ഒഡീഷയും അതോടൊപ്പം ഐഎസ്ആര്‍ഒയും.

Related posts