യോഗയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞ അതേ പ്രസംഗം നടത്തി മുഖ്യമന്ത്രി! സ്‌റ്റേജ് പെര്‍ഫോമന്‍സിനുവേണ്ടിയുള്ള എളുപ്പ യോഗയുമായി ഡിജിപി; ഒറ്റ ദിവസ യോഗക്കാരുടെ പ്രകടന ദിനമായി അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനമാണല്ലോ ജൂണ്‍ 21. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ പിറ്റേ വര്‍ഷം മുതലാണ് രാജ്യത്ത് യോഗാദിനം ആചരിച്ചുതുടങ്ങിയത്. ഇക്കാരണത്താല്‍ 2015 മുതലിങ്ങോട്ടുള്ള എല്ലാ വര്‍ഷവും രാജ്യത്ത് യോഗാദിനം കൊണ്ടാടി വരുന്നു. എന്നാല്‍ രാജ്യത്തിന്റെ പലയിടങ്ങളിലും വെറും പ്രഹസനമായാണ് യോഗ ആചരിച്ചു വരുന്നത്.

ഒരു ‘യോഗാ യോഗവും’ നടത്തി, പ്രമുഖരടക്കമുള്ളവര്‍ കൊച്ചുകുട്ടികളെപ്പോലെ തറയില്‍ പാ വിരിച്ച് കിടന്ന് അഭ്യാസങ്ങള്‍ നടത്തി കാമറയ്ക്ക് പോസ് ചെയ്ത്, പൊടി തട്ടി എഴുന്നേറ്റ് പോകുന്ന അവസ്ഥ. ചുരുക്കി പറഞ്ഞാല്‍ രാജ്യത്തെ നല്ലൊരു ശതമാനം ആളുകള്‍ ഒറ്റ ദിവസത്തേയ്ക്ക് യോഗാഭ്യാസികളായി മാറുന്ന സുദിനമാണ് യോഗാദിനം.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ കാഴ്ചക്കാര്‍ക്ക് ചിരിക്കാന്‍ ഇട നല്‍കുന്ന ഒരു ദിനമായിക്കൂടി യോഗാ ദിനം മാറിയിട്ടുണ്ട്. കേരളത്തില്‍ തന്നെ ഉണ്ട് ധാരാളം. മുഖ്യമന്ത്രി പിണറായി വിജയന്‍ 2017 ല്‍ പറഞ്ഞ അതേ പ്രസംഗം തന്നെയാണ് 2018 ലും നടത്തിയത്.

ഇതുകേള്‍ക്കുമ്പോ ഒരു കാര്യം മനസിലാവും. ഈ ഒരു ദിവസം മാത്രമാണ് ഇവരൊക്കെ യോഗയെ പറ്റി ആലോചിക്കുന്നതുതന്നെ. പ്രതിപക്ഷ നേതാവും കുറച്ചില്ല. യോഗ ചെയ്യുക തന്നെ ചെയ്തു. അതിന്റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. കഴിഞ്ഞ കൊല്ലം ചില സൂത്രപണികള്‍ ഒപ്പിച്ചു സിംപിള്‍ യോഗ കളിച്ചുപോയ അമിത് ഷാ ഇത്തവണ ഈ അഭ്യാസത്തിന് എത്തിയില്ല.

യോഗയ്ക്കുമുണ്ട് പല മാനങ്ങള്‍. വര്‍ഷത്തില്‍ ഒറ്റദിവസം യോഗ ചെയ്യുന്നവര്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതുണ്ട്. എന്നുവച്ചാല്‍ വലിയ മെനക്കേടൊന്നും വേണ്ട. കിടക്കുക, ഇടയ്‌ക്കൊന്നു തുള്ളുക വീണ്ടും കിടക്കുക. അതും മലര്‍ന്നും കമിഴ്ന്നും കിടക്കുക എന്നതൊക്കെയാണ് ഐറ്റംസ്. ഡിജിപി ലോക്‌നാഥ് ബഹ്‌റയൊക്കെ ഇത്തരത്തിലുള്ള പരിപാടികള്‍ക്കാണ് പോകാറ്.

Related posts