എം.എല്‍.എക്കെതിരെ പരാതിയുമായി വന്ന യുവാവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിമാറ്റിയതായി പരാതി. നൗതന്വയില്‍ നിന്നുമുള്ള എം.എല്‍.എ അമന്‍മണി ത്രിപാഠിക്കെതിരെ പരാതി നല്‍കാനെത്തിയ ലക്നൗ സ്വദേശിയായ ആയുഷ് സിന്‍ഘാലിനെയാണ് യോഗി തള്ളിമാറ്റിയത്. ഗൊരഖ്പൂരിലെ ജന്‍താ ദര്‍ബാറിലാണ് സംഭവം.
അമന്‍മണി ത്രിപാഠി എന്റെ ഭൂമി പിടിച്ചെടുത്തെന്ന് പരാതി നല്‍കാനായി ഞാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു, എന്റെ പത്രികകള്‍ നല്‍കി. വിഷയം അവതരിപ്പിച്ചു തുടങ്ങിയതും അദ്ദേഹം പരാതി പത്രിക വലിച്ചെറിയുകയും ഒരു നടപടിയും സ്വീകരിക്കുകയില്ലെന്ന് പറയുകയും എന്നെ തള്ളി മാറ്റുകയും ചെയ്തു. ആയുഷ് സിന്‍ഘാല്‍ പറഞ്ഞു.
എന്നാല്‍, കൃത്യമായ രേഖകളുമായി വരാന്‍ മാത്രമാണ് മുഖ്യമന്ത്രി ആയുഷ് സിന്‍ഘാലിനോട് ആവശ്യപ്പെട്ടതെന്നാണ് ഗോരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് കെ. വിജയേന്ദ്ര പാണ്ഡിയന്‍ സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. ‘കൃത്യമായ രേഖകള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി പരാതിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ആയുഷിന്റെ പരാതി പത്രികയും പൂര്‍ണമായിരുന്നില്ല’, പാണ്ഡിയന്‍ വിശദീകരിച്ചു.