കൊട്ടാരക്കര: കല്ലടയാറ്റില്‍നിന്നും മണല്‍വാരുന്നത് സംബന്ധിച്ച നിരോധനം മാറ്റമില്ലാതെ തുടരുകയാണ്. മണല്വിറ്റുവരവില്നിന്നുള്ള വരുമാനം കൊണ്ട് പിടിച്ചുനിന്നിരുന്ന പഞ്ചായത്തുകളും മണല്‍വാരി ഉപജീവനം നടത്തിയ തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ്. നദീസംരക്ഷണ നിയമത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നദികളില്‍നിന്നും മണല്‍വാരുന്നത് കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് നിരോധിച്ചിരുന്നു. അതത് ജില്ലാകളക്ടര്‍മാരാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഒരുവര്‍ഷം മുമ്പ് ഭാഗികമായി ഈ ഉത്തരവ് പിന്‍വലിച്ചു.
സംസ്ഥാനത്ത് ചില നദികളില്‍നിന്നും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മണല്‍വാരുന്നതിന് അനുമതി നല്‍കികൊണ്ടാണ് നിരോധന ഉത്തരവ് പിന്‍വലിച്ചത്. എന്നാല്‍ കല്ലടയാര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതുമൂലം നിരോധന ഉത്തരവ് ഇപ്പോഴും തുടരുകയാണ്. ഈ നിരോധന ഉത്തരവ് ഏറ്റവുമധികം ബാധിച്ചത് ആറ്റുതീരങ്ങളിലുള്ള പഞ്ചായത്തുകളെയാണ്. മിക്ക പഞ്ചായത്തുകളുടെയും പ്രധാന വരുമാന മാര്‍ഗം മണല്വില്പ്പനയില്നിന്നായിരുന്നു. കടവുകള്‍ ലേലം ചെയ്തോ പാസുകള്‍ ഏര്‍പ്പെടുത്തിയോ മണല്‍വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന വരുമാനമായിരുന്നു മിക്ക പഞ്ചായത്തുകളുടെയും പ്രധാന വരുമാന സ്രോതസ്.
വികസന പ്രവര്‍ത്തനങ്ങല്‍ക്ക് തനത്ഫണ്ടില്ലാതെ ബുദ്ധിമുട്ടുകയാണ് പഞ്ചായത്തുകള്‍. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം. ഓരോ പഞ്ചായത്തിലും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പത്തിലധികം താല്‍ക്കാലിക ജീവനക്കാര്‍ ജേലി ചെയ്തുവരുന്നുണ്ട്. തനത് ഫണ്ടില്‍നിന്നായിരുന്നു ഇവര്‍ക്കെല്ലാം ശമ്പളം നല്കിവന്നിരുന്നത്. പല പഞ്ചായത്തുകള്‍ക്കും ഇവര്‍ക്ക് ശമ്പളം നല്കാന് കഴിയാത്ത സ്ഥിതിയിലാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് മണല്മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിവന്നത് .മണല്‍വാരുന്നവര്‍ ലോഡിംഗ് തൊഴിലാളികള്‍, ചെറുകിടവ്യാപാരികള്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. രണ്ട് വര്‍ഷത്തിലധികമായി ഈ കുടുംബങ്ങളെല്ലാം അര്ധപട്ടിണിയിലാണ്. മറ്റ് തൊഴില്‍മേഖലകളില്‍ തൊഴിലില്ലാതായാല്‍ ഇടക്കാലാശ്വാസം നല്കുമ്പോള് ഈ മേഖലയ്ക്ക് അന്യമാണ്.
മണല്തൊഴിലാളികളില് പലരും ലക്ഷങ്ങള്‍ നല്കി തൊഴില്‍ വിലയ്ക്ക് വാങ്ങിയവരാണ്. നല്ലകാലത്ത് ഇവരില്‍നിന്നും വലിയ പണപിരിവ് നേടിയിരുന്ന തൊഴിലാളി യൂണിയനുകളൊന്നും ഇപ്പോള്‍ ഇവരെ സംരക്ഷിക്കാന്‍ രംഗത്തില്ല. ഓണം അടുത്തുവരുന്നതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുകയാണ് ഇവര്‍. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വര്‍ഷത്തില്‍ ആറുമാസമെങ്കിലും മണല്‍വാരാന്‍ അനുമതി നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എംസാന്റ് നിര്‍മാതാക്കളെ സഹായിക്കാനാണ് ഈ നിരോധനം തുടരുന്നതെന്നും ആരോപണമുണ്ട്.