ചുക്കുവില മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍, സ്വര്‍ണം കുതിക്കുന്നു

bis-chukവിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കാലവര്‍ഷം സജീവമായത് നാളികേര വിളവെടുപ്പും കൊപ്ര സംസ്കരണവും തടസപ്പെടുത്തി. വിദേശ റബര്‍ എത്തിയത് ടയര്‍ വ്യവസായികളെ ആഭ്യന്തര റബര്‍ മാര്‍ക്കറ്റില്‍നിന്നു പിന്‍തിരിപ്പിച്ചു. വിദേശ ഓര്‍ഡറുകള്‍ക്കായി കുരുമുളക് കയറ്റുമതിക്കാര്‍ ശ്രമം തുടരുന്നു. മഴ ചുക്കുവില മെച്ചപ്പെടുത്താം. സ്വര്‍ണ വിലയില്‍ മുന്നേറ്റം.

ചുക്ക്

ആഭ്യന്തര-വിദേശ ഓര്‍ഡറുകളുടെ വരവിനായി ചുക്ക് ഉറ്റുനോക്കുന്നു. നോമ്പുകാലത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഗള്‍ഫ് മേഖലയില്‍നിന്നു ചുക്കിന് ആവശ്യക്കാര്‍ എത്താം. ഉത്തരേന്ത്യയില്‍ മഴ സജീവമായാല്‍ അവിടെനിന്നും ആവശ്യക്കാരെത്തും. കൊച്ചിയില്‍ ചുക്കുവില 16,500-18,000 രൂപ.

നാളികേരം

കാലവര്‍ഷത്തിന്റെ വരവ് നാളികേര വിളവെടുപ്പിനെയും കൊപ്ര സംസ്കരണത്തെയും ബാധിച്ചു. തേങ്ങാവെട്ട് താത്കാലികമായി നിര്‍ത്തിയത് കൊപ്രാക്കളങ്ങളുടെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാക്കി. നാളികേര വിളവെടുപ്പ് തടസപ്പെട്ടതിനിടെ കൊപ്രയാട്ട് വ്യവസായികള്‍ വെളിച്ചെണ്ണവില ഉയര്‍ത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ച്ചയായ രണ്ടാം വാരത്തിലും വെളിച്ചെണ്ണ 7,800ലും കൊപ്ര 5,340 രൂപയിലുമാണ്. റംസാന്‍ നോമ്പുകാലമായതിനാല്‍ പ്രദേശികതലത്തില്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരുണ്ട്.
റബര്‍

സംസ്ഥാനത്ത് കാലവര്‍ഷം സജീവമെങ്കിലും റബര്‍ ടാപ്പിംഗ് രംഗം ഇനിയും ഉണര്‍ന്നില്ല. വ്യവസായികളുടെ തണുപ്പന്‍ മനോഭാവം മൂലം ഷീറ്റ് വിലയിലെ മാന്ദ്യം തുടരുകയാണ്. ടയര്‍ വ്യവസായികള്‍ റബറിലേക്കു ശ്രദ്ധതിരിച്ച ശേഷം ടാപ്പിംഗ് ഊര്‍ജിതമാക്കാമെന്ന നിലപാടിലാണ് വലിയൊരു വിഭാഗം കര്‍ഷകര്‍. ഇതിനിടെ വിദേശ റബര്‍ ലഭിച്ചതിനാല്‍ ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍നിന്നുള്ള സംഭരണം കുറച്ചു. ലഭ്യത ചുരുങ്ങിയതു മൂലം തുടക്കത്തില്‍ നാലാം ഗ്രേഡ് 13,000ല്‍നിന്ന് 13,400 വരെ കയറി. എന്നാല്‍, വാരാന്ത്യം വില 13,200 ലാണ്. ചെറുകിട വ്യവസായികളുടെ കടന്നുവരവില്‍ ലാറ്റക്‌സിന് 500 രൂപയുടെ നേട്ടവുമായി 10,000 രൂപ വരെ ഉയര്‍ന്നങ്കിലും ശനിയാഴ്ച 9,800ലാണ്. മാസാവസാനത്തിനു മുമ്പായി പുതിയ ഷീറ്റ് എത്തുമെങ്കിലും തത്കാലം വില്പന സമ്മര്‍ദത്തിനിടയില്ല.

അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ തിരിച്ചുവരവിനെ ആഗോള റബര്‍ ഉത്പാദക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നു. ഏഴാം വാരത്തിലും റബറിനു തളര്‍ച്ചയില്‍നിന്ന് രക്ഷനേടാനായില്ല. വിനിമയവിപണിയില്‍ ജാപ്പനീസ് നാണയത്തിന്റെ മുന്നേറ്റം നിക്ഷേപകരെ റബറില്‍നിന്നകറ്റി.

ടോക്കോമില്‍ റബര്‍ ഓവര്‍ സോള്‍ഡായതിനാല്‍ വൈകാതെ തിരിച്ചുവരവു പ്രതീക്ഷിക്കുകയാണ് പ്രമുഖ ഉത്പാദകരാജ്യങ്ങള്‍. ഇതിനിടെ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രി 2016ല്‍ ഉത്പാദനം ഉയരുമെന്ന വിലയിരുത്തലിലാണ്. 2015ല്‍ 11.42 മില്യന്‍ ടണ്‍ റബര്‍ ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇറക്കുറി ഉത്പാദനം 11.75 മില്യന്‍ ടണ്ണായി ഉയരാം.

കുരുമുളക്

കുരുമുളകുവില നേരിയ റേഞ്ചില്‍ നീങ്ങി. ഉത്തരേന്ത്യക്കാരും കയറ്റുമതിക്കാരും കുരുമുളക് സംഭരണത്തില്‍നിന്ന് പിന്‍തിരിഞ്ഞു. കാര്‍ഷികമേഖലകളില്‍നിന്നുള്ള മുളകുവരവ് കുറഞ്ഞിട്ടും നിരക്ക് 100 രൂപ കുറഞ്ഞു. ഇന്തോനേഷ്യയില്‍നിന്നുള്ള പുതിയ മുളകുവരവിനെ ഉറ്റുനോക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. കൊച്ചിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 68,000 രൂപ.

ഏലക്ക

ഏലക്ക സംഭരിക്കാന്‍ കയറ്റുമതിക്കാര്‍ ഉത്സാഹിച്ചു. ഗള്‍ഫില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള അന്വേഷണങ്ങളും സുഗന്ധറാണിക്ക് നേട്ടമാവുന്നു. ഉത്പാദനസീസണ്‍ കഴിഞ്ഞതിനാല്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേലകേന്ദ്രങ്ങളില്‍ ചരക്കുവരവ് ചുരുങ്ങി. വരവ് കുറഞ്ഞത് ഉത്പന്നവില മെച്ചപ്പെടുത്തുകയാണ്. റംസാന്‍ അടുത്തതോടെ ഗള്‍ഫ് ഓര്‍ഡറുകള്‍ കൂടുതല്‍ പ്രതീക്ഷിക്കാം.

ജാതിക്ക

പുതിയ ജാതിക്കയ്ക്ക് ഉണക്കു കുറഞ്ഞു. ഉത്പന്നത്തില്‍ ജലാശം ഉയര്‍ന്നത് വിലക്കയറ്റത്തിനു തടസമായി. ജാതിക്ക തൊണ്ടന്‍ 160-180 രൂപ, തൊണ്ടില്ലാത്തത് 350-370, ജാതിപത്രി 450-1000 രൂപയിലും വിപണനം നടന്നു.

സ്വര്‍ണം

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ആഭരണകേന്ദ്രങ്ങളില്‍ പവന്‍ 21,720 രൂപയില്‍നിന്ന് 21,640ലേക്ക് ഒരു വേള താഴ്ന്ന ശേഷം ശനിയാഴ്ച 21,920 രൂപയായി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,244 ഡോളറില്‍നിന്ന് 1,278 വരെ കയറിയ ശേഷം 1,273 ഡോളറിലാണ്.

Related posts