ആറ്റിങ്ങല്‍: ദേശീയപാതയുടെ നടുക്ക് പൈപ്പ് പൊട്ടിയുണ്ടായ കുഴി നികത്താത്തില് പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴനട്ടു. കുഴി അപകടക്കെണിയായതോടെ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. ആറ്റിങ്ങല്‍ സബ് ട്രഷറിക്ക് സമീപത്താണ് റോഡിന്റെ നടുക്ക് കുഴിയായത്. കുടിവെള്ളപ്പൈപ്പില്‍ നാല്ദിവസം മുമ്പുണ്ടായ ചോര്‍ച്ചയാണ് ഇവിടെ കുഴിയുണ്ടാകുന്നതിനിടയാക്കിയത്. കുഴിയില്‍ വെള്ളം നിറഞ്ഞ് പുറത്തേയ്ക്കൊഴുകുന്നുണ്ട്. നാല് ദിവസമായി ഇതാണ് സ്ഥിതി. കുടിവെള്ളം ചോരുന്നത് തടയാനോ റോഡിലെ കുഴിയടയ്ക്കാനോ അധികൃതര്‍ തയ്യാറായില്ല.
ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ആളുകള്‍ വാഴ നട്ടത്. ആഴമുളള കുഴിയായതിനാല്‍ വാഹനങ്ങള്‍ ഇതില്‍ വീഴുന്നത് അപകടങ്ങള്ക്കിടയാക്കിത്തുടങ്ങി.തിരക്കുള്ള നേരങ്ങളില്‍ കുഴിയില്‍ ചാടാതെ വാഹനങ്ങള്‍ വെട്ടിയൊഴിക്കുന്നത് നിരന്തരം ഭീഷണിയാണ്.