പത്തനാപുരം: മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഭാഗ്യലക്ഷ്മി നേടിയത് തിളക്കമാര്‍ന്ന വിജയം. പൂങ്കുളഞ്ഞി വയലരികത്ത് ശ്രീകൃഷ്ണവിലാസത്തില്‍ പ്രകാശ് കുമാര്‍- ശ്രീകല ദമ്പതികളുടെ മൂത്ത മകള്‍ ഭാഗ്യലക്ഷ്മിയാണ് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ പത്ത് ഏ പ്ലസ് നേടി പരാധീനതകളെ മറികടന്ന് മികച്ച വിജയം നേടിയത്.ഇവര്‍ താമസിക്കുന്നതാകട്ടെ വീടെന്ന് പറയാന്‍ പോലുമാകാത്ത കൂരയ്ക്കുള്ളിലാണ്. മലയോര മേഖലയായ മാങ്കോട് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും വലിയ വിജയം നേടിയ ഈ കൊച്ചുമിടുക്കി ട്യൂഷന് പോലുമില്ലാതെയാണ് മികവ് തെളിയിച്ചത്.
കിണര്‍ നിര്‍മ്മാണ ജോലിക്കാരനായ പ്രകാശിന്റെ കൂരയ്ക്കുള്ളില്‍ വൈദ്യുതിയുടെ വെളിച്ചമെത്തുന്നത് ഭാഗ്യലക്ഷ്മിയുടെ പരീക്ഷയ്ക്ക് ശേഷമാണ്. പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ കഠിനാധ്വാനത്തിലൂടെ വിജയം വരിച്ച ഈ മിടുക്കിയ്ക്ക് സാമൂഹ്യശാസ്ത്രത്തില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി അധ്യാപികയാകാനാണ് ഇഷ്ടം. എട്ടാം ക്ലാസ് വിദ്യാര്‍ഥി ഇന്ദുചൂഡനാണ് സഹോദരന്.