വെയിലത്തു വാടാത്ത പാട്ട്!

soniസില്‍ക്ക് സ്മിതയ്ക്കുവേണ്ടി പാടുക- ഒരു പതിമൂന്നുകാരി പെണ്‍കുട്ടിക്ക് സിനിമയില്‍ കിട്ടിയ ആദ്യ അവസരം. ഒന്നുകില്‍ പാടിത്തെളിയാം, അല്ലെങ്കില്‍ നാണിച്ചു വേണ്ടെന്നുവയ്ക്കാം. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഉണ്ടായേക്കാവുന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഓര്‍ത്താല്‍ അന്നത്തെ കാലത്ത് ഏതു പെണ്‍കുട്ടിയും അങ്ങനെയൊരവസരം രണ്ടാമതൊന്നാലോചിക്കാതെ വേണ്ടെന്നുവയ്ക്കാനാണു സാധ്യത. സോണി സായി എന്ന ഏഴാംക്ലാസുകാരിക്കു പക്ഷേ അങ്ങനെ പേടിച്ചു പിന്‍വാങ്ങാന്‍ കഴിയില്ലായിരുന്നു. അങ്ങനെ അവള്‍ സുഖവാസം എന്ന ചിത്രത്തില്‍ പാടി- മോഹന്‍ സിതാരയ്‌ക്കൊപ്പം ബങ്കാര ബങ്കാര എന്നുതുടങ്ങുന്ന പാട്ട്. അന്നത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ടൈറ്റിലുകളില്‍ പേരു വരികയോ ചെയ്തില്ല.

വര്‍ഷങ്ങള്‍ കടന്നുപോയി. അടുത്തകാലത്ത് ഓണവെയില്‍ ഓളങ്ങളില്‍.. എന്നൊരു സുന്ദരഗാനം ഹിറ്റാവുകയും ഒട്ടേറെപ്പേര്‍ ഏറ്റുപാടുകയും ചെയ്തു. ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലെ ഈ പാട്ടിന്റെ വരികള്‍ റഫീഖ് അഹമ്മദാണ് എഴുതിയത്. സംഗീതം അഫ്‌സല്‍ യൂസഫ്. പാട്ടിലെ എം.ജി. ശ്രീകുമാറിന്റെ ശബ്ദം കേള്‍വിക്കാര്‍ തിരിച്ചറിയും. ഒപ്പംപാടിയ പെണ്‍സ്വരം ആരുടേതെന്ന് ഒരുപക്ഷേ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. അത് സോണിയുടേതാണ്. പതിമൂന്നാം വയസില്‍ സിനിമയില്‍ പാടിത്തുടങ്ങി പിന്നീട് അഥീന, കനല്‍ക്കണ്ണാടി, ഭരതന്‍, ധീര, നിദ്ര തുടങ്ങിയ വിവിധ ചിത്രങ്ങളിലൂടെ ശബ്ദസാന്നിധ്യമറിയിച്ചു വളര്‍ന്ന അതേ സോണി സായിയുടേത്.

ഓണവെയില്‍പ്പാട്ടിലെ ശബ്ദം സോണിയുടേതാണെന്ന് അധികംപേരും തിരിച്ചറിയാതിരുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരോണക്കാലത്തിനു തൊട്ടുമുമ്പ് പുറത്തിറങ്ങിയ ഈ പാട്ട് ഒരു പ്രമുഖ മലയാളം ചാനലിന്റെ അക്കൊല്ലത്തെ ദുബായ് ഓണം ഷോയുടെ ഭാഗമായ ഗാനമേളയിലെ ആദ്യഗാനമായിരുന്നു. പാട്ടിലെ പുരുഷ ശബ്ദമായ എം.ജി. ശ്രീകുമാറിനെക്കൊണ്ടുതന്നെ ഷോയില്‍ പാടിച്ചെങ്കിലും സോണിക്ക് ആ അവസരം ചാനല്‍ നല്‍കിയില്ല. പകരം ചാനലിന്റെ റിയാലിറ്റി ഷോയിലെ താരമായ പെണ്‍കുട്ടിയാണ് ഷോയില്‍ പാടിയത്. ചാനലില്‍ നിരവധിതവണ സംപ്രേഷണം ചെയ്യപ്പെട്ടതോടെ പാട്ട് സിനിമയില്‍ പാടിയതും ആ പെണ്‍കുട്ടിയാണെന്ന ധാരണ പലര്‍ക്കുമുണ്ടായി. സോണി തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്തു. ആ ഷോ ടിവിയില്‍ കണ്ട് കണ്ണുനിറഞ്ഞത് സോണിക്ക് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്.

കണ്ണുനീരിനു പക്ഷേ ജീവിതത്തില്‍ ഒരിക്കലും സോണിയെ തോല്‍പ്പിക്കാനായിട്ടില്ല. പ്രതിസന്ധികളോടു പൊരുതിജയിച്ച ഈണമാണ് സോണിയുടെ പാട്ടിന്. സ്കൂള്‍ പഠനകാലം മുതല്‍ക്കുതന്നെ ഒരു വീടിനെ ഒറ്റയ്ക്കു ചുമലിലേറ്റിയത് സോണിയുടെ ശബ്ദമാണ്. തന്റെയും അനുജത്തിയുടെയും വിദ്യാഭ്യാസം, ചേച്ചിയുടെ ചികിത്സ, വീട്ടിലെ മറ്റു ചെലവുകള്‍… ഇതിനെല്ലാം സോണി വഴികണ്ടെത്തിയത് ഗാനമേള വേദികളിലൂടെയാണ്. ഉഷ ഉതുപ്പിന്റെയും അലിഷ ചിനോയിയുടെയും ശുഭ മുദ്ഗലിന്റെയും പാട്ടുകള്‍ സോണിയുടെ ശബ്ദത്തില്‍ സംഗീതപ്രേമികളെ ഹരംകൊള്ളിച്ചു. പരീക്ഷകളുടെ തലേരാത്രികളില്‍പ്പോലും മൂന്നും നാലും വേദികളില്‍ പാടി. കിട്ടുന്ന പ്രതിഫലത്തില്‍നിന്ന് സഹപാഠികളുടെ ദുരിതങ്ങള്‍ പരിഹരിക്കാനും കുഞ്ഞു തുകകള്‍ കണ്ടെത്തി.., വേദനകളെ സന്തോഷമാക്കി മാറ്റി.

തിരുവനന്തപുരം മണക്കാട് ഹരിറാം പ്രസാദിന്റെയും ഹരിപ്പാട് സ്വദേശി അംബികാ ബായിയുടേയും മകളാണ് സോണി. അമ്മയില്‍നിന്നാണ് പാട്ടിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. സ്കൂള്‍ പഠനത്തിനും സംഗീതത്തിനും അച്ഛന്റെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണയില്ലായിരുന്നു. എല്ലാത്തരം സങ്കടങ്ങള്‍ക്കിടയിലും സംഗീതത്തെ ഒരു പാഷനായി സോണി നെഞ്ചോടുചേര്‍ത്തു. കരമന എന്‍എസ്എസ് കോളജില്‍നിന്ന് സംഗീതത്തില്‍ ബിരുദം നേടി. ആര്യനാട് എച്ച് രാജുവില്‍ത്തുടങ്ങി ഒട്ടേറെ ഗുരുക്കന്മാരുടെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ചു. ബംഗാളില്‍നിന്നുള്ള ഗുരുവിനെ കണ്ടെത്തി ഹിന്ദുസ്ഥാനി അഭ്യസിച്ചു. വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ പാടി.., പാട്ടെഴുതി.., സംഗീതമൊരുക്കി…

പ്രശസ്ത ഗായകന്‍ സോനു നിഗം മലയാളത്തില്‍ ആദ്യമായി പാടിയ യുഗ്മഗാനത്തില്‍ ഒപ്പമുള്ളത് സോണിയുടെ സ്വരമാണ്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലെതന്നെ ചക്കരമാവിന്‍കൊമ്പത്ത് എന്ന ഗാനമാണത്. ഇന്ത്യന്‍ ഐഡല്‍ എന്ന ആദ്യകാല റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലംമുതല്‍ സോനു നിഗമിന് സോണിയുടെ പാട്ടിന്റെ നന്മയറിയാം. വിധികര്‍ത്താക്കളിലൊരാളായിരുന്നു സോനു. അദ്ദേഹം അന്നു നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും സോണി നന്ദിയോടെ ഓര്‍ക്കുന്നു. മുംബൈയില്‍ താമസിച്ച് ഷോയില്‍ പങ്കെടുക്കാന്‍ അന്നത്തെ സാമ്പത്തിക സ്ഥിതി അനുവദിക്കാഞ്ഞതിനാല്‍ അതില്‍നിന്ന് സ്വയം പിന്‍വാങ്ങുകയായിരുന്നു. പിന്നീടൊരിക്കല്‍ തിരുവനന്തപുരത്ത് ഒരു സംഗീത വേദിയില്‍ മുഖ്യാതിഥിയായി എത്തിയ സോനു നിരവധി കലാകാരന്മാര്‍ക്കൊപ്പംനിന്ന തന്നെക്കണ്ട് തിരിച്ചറിഞ്ഞതും സംസാരിച്ചതും വലിയ ഭാഗ്യമായി കരുതുകയാണ് സോണി. മലയാളത്തിലെ പാട്ടില്‍ ഒപ്പം പാടിയത് താനാണെന്ന് സോനു തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സോണിക്കു നിശ്ചയംപോരാ.

മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിപ്പിക്കുകയാണ് സോണി ഇപ്പോള്‍. ഒപ്പം സ്റ്റേജ് ഷോകളും പാട്ടെഴുത്തും സംഗീതസംവിധാനവുമുണ്ട്. എറണാകുളം മുപ്പത്തടത്ത് എരമത്താണ് സ്വയം പണിയിച്ച വീട്. കൂനമ്മാവിലെ അപ്പാര്‍ട്‌മെന്റില്‍ മക്കളായ സായ് ശരണ്‍, ശിവാ ശരണ്‍ എന്നിവര്‍ക്കൊപ്പം താമസം. അമ്മയും സഹോദരിയും ഒപ്പമുണ്ട്. മക്കള്‍ രണ്ടുപേരും പാടും. തമിഴില്‍ കത്താടി എന്ന ചിത്രത്തിനുവേണ്ടി സോണി ചിട്ടപ്പെടുത്തിയ പാട്ടുകളില്‍ ഒരെണ്ണം ആറാം ക്ലാസുകാരനായ ശിവയാണ് പാടിയത്. സംഗീതംചെയ്ത പുതിയ ഭക്തിഗാന ആല്‍ബം ഈമാസം 11ന് പ്രകാശനം ചെയ്യുകയാണ്. കഴിവുണ്ടായിട്ടും അവസരങ്ങള്‍ കിട്ടാത്ത പുതുതലമുറയിലെ ഗായകരെക്കൊണ്ടാണ് പാട്ടുകള്‍ പാടിച്ചിരിക്കുന്നത്. മൂന്നു പാട്ടുകള്‍ എഴുതുകയും ചെയ്തു.

ചിത്രയേയും സുജാതയേയും ശ്രേയാ ഘോഷാലിനെയും എസ്. ജാനകിയേയും പി. സുശീലയേയും ഒരുപോലെ ഇഷ്ടപ്പെടുന്ന സോണിക്ക് സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതില്‍ തെല്ലും പരിഭവമില്ല. മനസില്‍തങ്ങിനില്‍ക്കുന്ന പാട്ടുകള്‍ പുതിയ സിനിമകളില്‍ ഇല്ലാത്തിടത്തോളം എന്തിനു വിഷമിക്കണം എന്നാണ് സോണിയുടെ ചോദ്യം.

സ്്‌റ്റേജ് ഷോകളുടെ എണ്ണം അയ്യായിരത്തോളം ആകുമ്പോഴും ഒരിക്കല്‍പോലും കരോക്കെ ഗാനമേള ചെയ്തിട്ടില്ലെന്ന് സോണി അഭിമാനത്തോടെ പറയുന്നു. സെല്‍ഫ് മാര്‍ക്കറ്റിംഗിനും ഇതുവരെ പോയിട്ടില്ല. “സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല, ജീവിതത്തിലെ ആനന്ദമായാണ് സംഗീതത്തെ കാണുന്നത്. സംഗീതോപകരണങ്ങള്‍ വായിക്കുന്നവരുടെ അഭിമാനത്തിനും ജീവിതത്തിനും വിലകൊടുക്കണം’- സോണിക്ക് ഉറച്ച നിലപാടുണ്ട്. അതുകൊണ്ടുതന്നെയാണ് ഓണവെയില്‍പ്പാട്ട് നല്‍കിയ വലിയ സങ്കടത്തിലും അവര്‍ വാടാതെ നിന്നത്. തീയില്‍ കുരുത്തതു തന്നെയാവണം ആ സംഗീതം.

ഹരിപ്രസാദ്‌

Related posts