ശതകോടീശ്വരന്‍ കാള്‍ ഇകാന്‍ ആപ്പിളിലെ ഓഹരികള്‍ വിറ്റു

bis-appleന്യൂയോര്‍ക്ക്: 13 വര്‍ഷത്തിനിടയില്‍ ആദ്യമായി ത്രൈമാസ വരുമാനത്തില്‍ കുറവു വന്നതിനു പിന്നാലെ ആപ്പിളില്‍നിന്ന് വലിയ നിക്ഷേപകന്റെ പിന്മാറ്റവും. അമേരിക്കയിലെ പ്രമുഖ നിക്ഷേപകന്‍ കാള്‍ ഇകാന്‍ ആപ്പിളിലെ തന്റെ നിക്ഷേപം മുഴുവന്‍ വിറ്റു. 4.58 കോടി ആപ്പിള്‍ ഓഹരികളാണ് ജനുവരി ആദ്യം ഇകാന് ഉണ്ടായിരുന്നത്.

ടിം കുക്ക് നേതൃത്വം നല്‍കുന്ന ആപ്പിള്‍ കമ്പനിയുടെ സമീപകാല ബിസിനസ് സാധ്യതകളെപ്പറ്റിയുള്ള ആശങ്കയാണ് ശതകോടീശ്വരനായ ഇകാന്റെ തീരുമാനത്തിനു പിന്നില്‍. കമ്പനിയുടെ ഏറ്റവും വലിയ ലാഭവിഭാഗമായ ഐഫോണിന്റെ വില്പന വേണ്ടത്ര വര്‍ധിക്കാത്തതാണ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ വരുമാനം കുറയാന്‍ കാരണമായത്.

ഒരുകാലത്ത് ആപ്പിളിന്റെ വലിയ ആരാധകനായിരുന്നു ഇകാന്‍. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആപ്പിള്‍ ഓഹരി 130 ഡോളര്‍ എത്തിയതാണ്. പിന്നീട് മേയ്മാസത്തില്‍ ഇകാന്‍ പറഞ്ഞു, ആപ്പിള്‍ ഓഹരി 240 ഡോളര്‍ വരെ കയറേണ്ടതാണെന്ന്. മേയ് മാസത്തിനു ശേഷം ഓഹരികള്‍ 110 ഡോളറിനടുത്തേക്ക് താഴുകയാണ് ചെയ്തത്. ഇപ്പോള്‍ ത്രൈമാസ റിസള്‍ട്ട് വന്നശേഷം വില 95 ഡോളറിനു താഴെയായി. അപ്പോഴാണ് ഇകാന്‍ വിറ്റൊഴിഞ്ഞു എന്ന വിവരം പുറത്തായത്. ഇതു വില വീണ്ടും ഇടിയാന്‍ കാരണമാകാം.

ചൈനയില്‍ ഐഫോണ്‍ വില്പനയ്ക്കു പല തടസങ്ങളുമുണ്ടായി. ഇന്ത്യന്‍ വിപണിയില്‍ സാംസംഗ്, ആപ്പിളിനെ പിന്തള്ളി. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ പങ്ക് ജനുവരി-മാര്‍ച്ചില്‍ 62 ശതമാനമായി. തലേ ത്രൈമാസത്തില്‍ 35 ശതമാനമായിരുന്നു. അതേസമയം ആപ്പിളിന്റെ പങ്ക് 55 ശതമാനത്തില്‍നിന്ന് 37 ശതമാനമായി കുറഞ്ഞു. ആഗോളതലത്തില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില്പന 16 ശതമാനം കുറഞ്ഞപ്പോള്‍ സാംസംഗിന്റെ സ്മാര്‍ട്ട് ഫോണ്‍ വില്പന രണ്ടുശതമാനം കുറഞ്ഞു. ചൈനയിലെ വില്പന 25 ശതമാനം കുറഞ്ഞതാണ് ആപ്പിളിന് വല്ലാത്ത ക്ഷീണമായത്.

Related posts